KeralaNews

ടിഎന്‍ടി ചിറ്റ്‌സിനെതിരെ വ്യാപക പരാതി

തൃശൂര്‍: കരുവന്നൂര്‍ തേലപ്പിള്ളി കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ടിഎന്‍ടി ചിറ്റ്‌സ് തട്ടിപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ പരാതികള്‍ പ്രവഹിക്കുന്നു. ആയിരക്കണക്കിന് പരാതികളാണ് സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ ലഭിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ജില്ലയിലെ എട്ട് സ്റ്റേഷനുകളില്‍ 18 കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. സംസ്ഥാന വ്യാപകമായുള്ള നല്‍പ്പതിലേറെ ശാഖകളുള്ള ചിട്ടിക്കമ്പനി നടത്തിയിരുന്നത് പറവൂര്‍ വടക്കേക്കര കുഞ്ഞിത്തൈ സ്വദേശികളും സഹോദരങ്ങളുമായ കറുപ്പശേരി ടെല്‍സണ്‍, നെല്‍സണ്‍ എന്നിവരാണ്. ശാഖകളെല്ലാം അടച്ചുപൂട്ടിയാണ് ഉടമകളും കൂട്ടാളികളും മുങ്ങിയത്.

ചിട്ടിയില്‍ ചേര്‍ന്ന മുഴുവനാളുകളും വഞ്ചിക്കപ്പെട്ടതിനാല്‍ അനുദിനവും പരാതികള്‍ സ്റ്റേഷനുകളില്‍ കുന്നുകൂടുകയാണ്. ഇരിങ്ങാലക്കുട കരുവന്നൂര്‍ തേലപ്പിള്ളിയിലെ ചിട്ടിക്കമ്പനിയുടെ ഹെഡ് ഓഫീസിനോട് ഏറ്റവും അടുത്തുള്ള കാട്ടൂര്‍ ശാഖയില്‍ പണം നിക്ഷേപിച്ച് വഞ്ചിതരായ 850പേര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ഇതുവരെ ആരെയും പൊലീസ് പിടികൂടിയിട്ടില്ല. സംസ്ഥാന വ്യാപകമായി വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ലഭിക്കുന്ന പരാതികള്‍ മുഴുവന്‍ പരിശോധിച്ച്, അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഉന്നത പൊലീസ് അധികാരികള്‍ പറഞ്ഞു.

കാട്ടൂര്‍, കുന്നംകുളം, വടക്കാഞ്ചേരി, വാടാനപ്പള്ളി, ചെന്ത്രാപ്പിന്നി, ചേര്‍പ്പ്, ഒല്ലൂര്‍, മണ്ണുത്തി, വിയ്യൂര്‍, കൊരട്ടി, പാവറട്ടി തുടങ്ങിയ സ്റ്റേഷനുകളിലാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടുള്ളത്. ജില്ലയ്ക്കുപുറത്തെ മറ്റ് പൊലീസ് സ്റ്റേഷനുകളില്‍ ലഭിച്ച പരാതികള്‍കൂടി പരിശോധിച്ചാലേ ആകെ എത്രപേര്‍ വഞ്ചിതരായെന്നും എത്ര കോടിരൂപയുടെ തട്ടിപ്പാണ് സ്ഥാപനത്തിന്റെപേരില്‍ നടന്നിട്ടുള്ളതെന്നും വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button