ഐ.എം ദാസ്
അരിയില്‍ ഷുക്കൂറിന്റെ ക്രൂരമായ കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മിന്റെ പ്രബല നേതാവ് പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി സിബിഐ സമര്‍പ്പിച്ച കുറ്റപത്രം കേരളം ചര്‍ച്ച ചെയ്ത് തീര്‍ന്നിട്ടില്ല. ജയരാജന്റെ നിരപരാധിത്വം തെളിയിക്കാന്‍ അരിയാഹാരക്കാരായ സഖാക്കളെല്ലാം വാദിച്ച് വിയര്‍ക്കുമ്പോള്‍ തന്നെ സിപിഎമ്മിന്റെ കൊലപാതകരാഷ്ട്രീയത്തിന് കേരളം വീണ്ടും സാക്ഷ്യം വഹിക്കുകയാണ്. രണ്ട് കുടുംബങ്ങളുടെ പ്രതീക്ഷയും ആശ്രയവുമായിരുന്ന രണ്ട് ചെറുപ്പക്കാരെ നിഷ്‌ക്കരുണം വെട്ടിക്കൊലപ്പെടുത്തുന്ന കൊലപാതക രാഷ്ട്രീയത്തിന്റ അമരക്കാരാണ് കേരളം ഭരിക്കുന്നതെന്നോര്‍ക്കുമ്പോള്‍ പേടിക്കണം.
ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് കാസഗോഡ് പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുവച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനും കൃപേഷിനും വെട്ടേറ്റത്. പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി യോഗത്തിന് ശേഷം ബൈക്കില്‍ വീട്ടില്‍ പോകുന്നതിനിടെ ജീപ്പിലെത്തിയ അക്രമി സംഘം ബൈക്ക് ഇടിച്ചിട്ടശേഷം ഇരുവരെയും വെട്ടുകയായിരുന്നു. കുറച്ചു സമയം കഴിഞ്ഞ് ഈ റോഡിലൂടെ പോയവര്‍ ബൈക്ക് മറിഞ്ഞു കിടക്കുന്നതും റോഡരികില്‍ ശരത് രക്തം വാര്‍ന്ന് കിടക്കുന്നതും കണ്ടു. ഓടിയെത്തിയ നാട്ടുകാര്‍ അബോധാവസ്ഥയിലായിരുന്ന ശരതിനെ ആസ്പത്രിയിലേക്ക് കൊണ്ടുപ്പോയി. ബൈക്കില്‍ കൃപേഷും കൂടി ഉണ്ടായിരുന്നെന്ന് മനസ്സിലായതോടെ എല്ലാവരും തിരച്ചില്‍ നടത്തിയപ്പോഴാണ് 150 മീറ്റര്‍ അകലെയായി കുറ്റിക്കാട്ടില്‍ കൃപേഷ് രക്തം വാര്‍ന്ന് നിലയില്‍ കിടക്കുന്നത് കണ്ടത്. കൃപേഷ് കാസര്‍ഗോഡ് ജനറല്‍ ആസ്പത്രിയിലെത്തുന്നതിന് മുമ്പ് മരിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ശരത് ആസ്പത്രിയിലേക്കുള്ള യാത്രക്കിടയിലും മരിച്ചു.
സജീവ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു ശരത്‌ലാല്‍. പെയിന്റിങ് തൊഴിലാളിയാണ് കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍. അമ്മയും രണ്ടു സഹോദരിമാരുമടങ്ങുന്ന ആ കുടുംബത്തിന്റെ ഏക ആശ്രയവും പ്രതീക്ഷയും കൃപേഷിലായിരുന്നു. മകന്റെ വിയോഗത്തില്‍ അലമുറയിട്ട് കരയുന്ന കുടുംബത്തെ കൊന്നവരും കൊല്ലിച്ചവരും കാണുന്നുണ്ടോ. സിപിഎമ്മിന്റെ പ്രാദേശിക നേതാവിനെ ആക്രമിച്ചതിന്റെ പ്രതികാരനടപടിയായാണ് സിപിഎം പ്രവര്‍ത്തകര്‍ കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ഈ നേതാവിനെ ആക്രമിച്ച കേസില്‍ ശരത്‌ലാല്‍ ഒന്നാം പ്രതിയും കൃപേഷ് ആറാം പ്രതിയും ആയിരുന്നു. ഇരുവര്‍ക്കും നേരത്തേ ഭീഷണിയുണ്ടായിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു. സിപിഎം നേതാക്കളായ പി ജയരാജനും ടിവി രാജേഷുും സഞ്ചരിച്ച കാര്‍ ആക്രമിച്ചതിന് തൊട്ടുപിന്നാലെയാണ് അരിയില്‍ ഷുക്കൂറിനെ ഓടിച്ചിട്ട് പിടിച്ച് ജനമധ്യത്തില്‍ വിചാരണ ചെയ്ത് സഖാക്കള്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്. അതേ കൊലപാതകരാഷ്ട്രീയം വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ നവോത്ഥാനത്തിന്റെ അമരക്കാരനായ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം പാലിക്കുന്നു എന്നത് ലജ്ജാവഹം തന്നെ.
കോഴിക്കോട് അമ്പത്തിയൊന്ന് വൈട്ടിന്റൈ പൈശാചികതയില്‍ ഒരു സംസ്ഥാനത്തിന്റെ രാഷ്ട്രീയ സംസ്‌കാരം തന്നെ ചോദ്യം ചെയ്യിപ്പിച്ച സഖാക്കള്‍ വെട്ടിമൂര്‍ച്ചപ്പെടുത്തിയ ആയുധങ്ങളുമായി ഇപ്പോഴും ഇരയേയും കാത്തിരിക്കുകയണെന്നാണ് കാസര്‍കോട് സംഭവം വ്യക്തമാക്കുന്നത്. കൊടുവാള്‍ പോലെയുള്ള മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ഉണ്ടാക്കിയ മുറിവുകളാണ് ശരത്തിന്റെയും കൃപേഷിന്റെയും മരണകാരണം. ശരത് ലാലിന് കഴുത്തിന്റെ വലതുവശത്ത് ആഴത്തിലുള്ള വെട്ടേറ്റിട്ടുണ്ട്. ഇരുകാലുകളിലുമായി അഞ്ച് വെട്ടുകളും ഈ യുവാവിന് ഏറ്റിട്ടുണ്ട്. അസ്ഥിയും മാംസവും തമ്മില്‍ കൂടിക്കലര്‍ന്ന രീതിയില്‍ മാരകമായ മുറിവുകളാണ് കാലുകളിലെന്ന് പറയുമ്പോള്‍ അക്രമികളുടെ ക്രിമിനല്‍ മനസ് എത്രമാത്രമുണ്ടെന്ന് ആലോചിക്കുക. വെറും ഇരുപത്തിയേഴും ഇരുപത്തിയൊന്നും വയസുള്ള രണ്ട് ചെറുപ്പക്കാരെ അതിക്രൂരമായി വെട്ടിമുറിച്ച് കൊലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയവര്‍ തീര്‍ച്ചയായുമ പാര്‍ട്ടിയിലെ വമ്പന്‍മാര്‍ തന്നെയായിരിക്കുമെന്നെ് ഉറപ്പ്. കേരളത്തിന്റെ ഇരട്ടച്ചങ്കന്‍ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എന്ത് മറുപടിയാണ് ഈ അരുംകൊലയ്ക്ക് നല്‍കാനുള്ളത്.
ഇതാദ്യമായല്ല രാഷ്ട്രീയപ്പകയുടെ പേരില്‍ അരുംകൊലകള്‍ കേരളത്തിന്റെ മണ്ണില്‍ നടക്കുന്നത്. കൊടി പിടിക്കാനും കല്ലെറിയാനുും വേണെങ്കില്‍ ചാവേറാകാനും തയ്യാറാകുന്ന യുവാക്കളാണ് രാഷ്ട്രീയപാര്‍ട്ടികളുടെയും കൊലക്കത്തിക്ക് ഇരയാകുന്നത്. ചോരക്കറ പുരണ്ട കൈകളിലാണ് നേതാക്കള്‍ ആദര്‍ശത്തിന്റെ കൊടികളേന്തുന്നത്. കേരളത്തിന്റ ഗതകാല ചരിത്രങ്ങളിലെല്ലാം വിശ്വസിക്കുന്ന രാഷ്ട്രീയപാര്‍ട്ടിക്ക് വേണ്ടി കൊല ചെയ്യപ്പെട്ടവരും കൊന്നവരുമുണ്ട്. നേതാക്കളും പാര്‍ട്ടിയും തഴച്ചുവളരുമ്പോള്‍ വാടിത്തളര്‍ന്ന് വേരറ്റുപോകുന്ന കുറെ കുടുംബങ്ങളെ ആരുമോര്‍ക്കാറില്ല. ജീവന്റെ വിലയറിയാത്ത സിപിഎം മനുഷ്യാവകാശത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചും നവോത്ഥാനത്തെക്കുറിച്ചും പ്രസംഗിക്കുകയാണ്. സ്തുതിപാഠകരായി പുരോഗമനക്കാരും സാംസ്‌കാരിക നായകരും കവികളും എഴുത്തുകാരും ചുറ്റിനുമുണ്ട്. കണ്‍മുന്നില്‍ പടരുന്ന ചോരയിലല്ല അവരുടെ കണ്ണുകളും തൂലികയും. സഖാക്കളെ പ്രീതിപ്പെടുത്താന്‍ എഴുതേണ്ട കവിതകളും മുദ്രാവാക്യങ്ങളും തിരഞ്ഞ് അത് യുപിയിലും മഹാരാഷ്ട്രയിലും ഗുജറാത്തിലുമായി അലയുകയാണ്. ലജ്ജിക്കുക കേരളമേ..
Post Your Comments