ഫ്ലൈറ്റ് ലെഫ്റ്റനന്റ് ഹിന ജയ്സ്വാള്‍… ഇന്ത്യന്‍ ചരിത്രത്തില്‍ ഈ യുവതി തന്റെ പേര് രേഖപ്പെടുത്തിക്കഴിഞ്ഞു. വ്യോമസേനയില്‍ ഫ്ലൈറ്റ് ലെഫ്റ്റനന്റ് ആയിരുന്ന ഹിന ഇനിമുതല്‍ ഫ്ലൈറ്റ് എഞ്ചിനീയര്‍ ആണ്. അതായത്, ചരിത്രത്തിലെ ആദ്യത്തെ വനിതാ ഫ്ലൈറ്റ് എഞ്ചിനീയര്‍.
പുരുഷന്മാര് മാത്രം കയ്യടക്കി വെച്ചിരുന്ന മേഖലയില്‍ ഇനി മുതല്‍ ഹിനയുമുണ്ടാകും. പഞ്ചാബിലെ ചണ്ഡിഗഡ് സ്വദേശിയാണ് ഹിന. ഡി.കെ ജയ്സ്വാളിന്റെയും അനിത ജയ്സ്വാളിന്റെയും ഏകമകളാണ് ഹിന. പഞ്ചാബ് സര്‍വകലാശാലയില്‍ നിന്നാണ് എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയത്. വിമാനങ്ങളോട് ഏറെ പ്രിയമായിരുന്നു ഹിനയ്ക്ക്. അവള് വ്യോമസേനയിലെത്താന്‍ കാരണവും അതുതന്നെ.
ഫ്ലൈറ്റ് എഞ്ചിനീയേഴ്സ് കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഹിന. ഇനിയവള് യുദ്ധവിമാനങ്ങളുടെ എഞ്ചിനീയറിങ്ങ് സാങ്കേതികവിദ്യയുടെ കുരുക്കഴിക്കും. ബംഗളൂരുവിലെ യലഹങ്ക വ്യോമസേനാ താവളത്തിലായിരുന്നു ഹിന കോഴ്സ് പൂര്‍ത്തിയാക്കിയത്. ഫയറിങ്ങ് ടീം ആന്‍ഡ് ബാറ്ററി കമാന്‍ഡര്‍ ചീഫ് പദവി നേരത്തെ വഹിച്ചിരുന്ന ഹിന നാല് വര്‍ഷം മുമ്പാണ് പുതിയ കോഴ്സിന് ചേര്‍ന്നത്. ഈ മാസം 15 ന് കോഴ്സ് പൂര്‍ത്തിയായി. വ്യോമസേനയുടെ ഓപ്പറേഷനല്‍ ഹെലികോപ്റ്റര്‍ യൂണിറ്റിലായിരിക്കും ഹിന പ്രവര്‍ത്തിക്കുക.
Post Your Comments