KeralaLatest News

ഈസ്റ്റര്‍ വിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ച് താറാവ് കര്‍ഷകര്‍

 

ആലപ്പുഴ : പ്രളയവും പിന്നീടുണ്ടായ രോഗബാധയും തകര്‍ത്ത താറാവ് വിപണിയുടെ എല്ലാ പ്രതീക്ഷയും വരാനിരിക്കുന്ന ഈസ്റ്റര്‍ ആഘോഷത്തിലാണ്. എന്നാല്‍ ഈസ്റ്ററിന് രണ്ട് മാസം മാത്രം ശേഷിക്കെ, കര്‍ഷകര്‍ പ്രതികൂല സാഹചര്യങ്ങളാല്‍ ബുദ്ധിമുട്ടുകയാണ്. താറാവുകളെ തീറ്റിക്കാന്‍ ഇടമില്ലാത്തതും രോഗപ്രതിരോധത്തിനുള്ള വാക്‌സിന്‍ ലഭിക്കാത്തതുമാണ് കര്‍ഷകരെ ആശങ്കയിലാക്കിയിരിക്കുന്നത്.

ആലപ്പുഴയിലെ ആഘോഷനാളുകളില്‍ തീന്‍മേശയിലെ പ്രധാനവിഭവങ്ങളിലൊന്നാണ് താറാവ്. സീസണുകളില്‍ ലഭിക്കുന്ന വില്പനയാണ് താറാവ് കര്‍ഷകരെ പ്രധാമായും നിലനിറുത്തുന്നത്. ക്രിസ്മസ്, ഈസ്റ്റര്‍ എന്നിവ തന്നെ നല്ല വരുമാനം ലഭിക്കുന്ന ആഘോഷദിവസങ്ങളാണ്. എന്നാല്‍ ഇത്തവണ ക്രിസ്മസിന് വലിയ മെച്ചം ഉണ്ടായില്ലെന്ന് കര്‍ഷകര്‍ പറയുന്നു. പ്രളയത്തില്‍ കൃഷി നശിച്ചതും രോഗബാധയുമായിരുന്നു ഇതിന് കാരണം. ഈസ്റ്റര്‍ വിപണിയും കൂടി കൈവിട്ട് പോയാല്‍ താറാവ് കര്‍ഷകകര്‍ കൂടുതല്‍ ദുരിതത്തിലാകും.

കുട്ടനാടന്‍ താറാവുകള്‍ വിപണിയിലുണ്ടെങ്കിലും ഭീഷണിയായി ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും താറാവ് എത്തുന്നുണ്ട്. മിക്കസ്ഥലങ്ങളിലും ഇപ്പോള്‍ കിട്ടുന്നത് ഇത്തരം വരവ് താറാവുകളാണ്. പ്രളയത്തില്‍ നിന്ന് ഒന്ന് കരകയറി വരുന്നതിനിടയില്‍ രോഗം പിടിപെട്ട് താറാവുകള്‍ കൂട്ടത്തോടെ ചത്തുപോയതും കര്‍ഷകരുടെ നഷ്ടം വര്‍ദ്ധിപ്പിച്ചു. പള്ളിപ്പാട്, തകഴി, ചെന്നിത്തല ഹാച്ചറികളിലും പ്രളയം വലിയ കെടുതികള്‍ ഉണ്ടാക്കിയത് കര്‍ഷകരെ ബാധിച്ചിട്ടുണ്ട്. ഇതിനിടെ താറാവ് കുഞ്ഞുങ്ങളുടെ ലഭ്യതയും കുറഞ്ഞു. പ്രളയത്തില്‍ താറാവുകള്‍ നശിച്ച കര്‍ഷകര്‍ക്ക് കിട്ടിയ നഷ്ടപരിഹാരം പേരിന് മാത്രമാണ്. അയ്യായിരം രൂപയാണ് ഒരു കര്‍ഷകന് നഷ്ടപരിഹാരമായി ലഭിച്ചത്. അയ്യായിരം താറാവ് വരെ നഷ്ടമായവര്‍ക്കും ലഭിച്ചത് ഇത്രയും തുക മാത്രമെന്ന് കര്‍ഷകര്‍ പറയുന്നു.
കൃഷിക്കാലമായതോടെ കുട്ടനാടന്‍ പാടശേഖരങ്ങളില്‍ താറാവുകളെ തീറ്റിക്കാന്‍ ഇടമില്ലാതായതോടെയാണ് കര്‍ഷകര്‍ തമിഴ്‌നാട്ടിലാണ് തീറ്റയ്ക്കായി കൊണ്ടുപോകുന്നത്. ഇപ്പോള്‍ മുപ്പത് ദിവസം തമിഴ്‌നാട്ടില്‍ കൊണ്ടുപോയി തീറ്റ കൊടുത്ത് കൊണ്ടുവന്നാല്‍ ഈസ്റ്റര്‍ എത്തുമ്പോഴേക്കും താറാവുകള്‍ ‘കരുത്ത’രാകുമെന്ന് കര്‍ഷകര്‍ പറയുന്നു.

കുട്ടനാട്ടിലെ കൊയ്ത്തുകാലം കഴിഞ്ഞേ താറാവുകളെ തിരികെയെത്തിക്കുകയുള്ളൂ. താറാവുകളെ തമിഴ്‌നാട്ടില്‍ എത്തിക്കണമെങ്കില്‍ വണ്ടിച്ചെലവ് മാത്രം പതിനയ്യായിരം രൂപവരും. എല്ലാം ചെലവും കൂട്ടുമ്പോള്‍ ലക്ഷങ്ങളുടെ കണക്കിലെത്തും. ഇത്രയും ചെലവാക്കി കഴിയുമ്പോള്‍ താറാവ് ഒന്നിന് 175 രൂപയാണ് കര്‍ഷകന് ഇടനിലക്കാര്‍ നല്‍കുന്നത്. താറാവ് കുഞ്ഞുങ്ങള്‍ക്ക് 28 ദിവസം പ്രായമാകുമ്പോള്‍ എടുക്കേണ്ട വാക്‌സിന്‍ കിട്ടാതെ കര്‍ഷകര്‍ നെട്ടോട്ടത്തിലാണ്. മാര്‍ച്ച് മാസത്തോട് കൂടിയേ ജില്ലയില്‍ വാക്‌സിന്‍ ലഭ്യമാവുകയുള്ളൂവെന്നാണറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button