KeralaLatest News

ആയുഷ് മേഖലയുടെ വിപണിസാധ്യതകള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് ബിസിനസ്സ് മീറ്റ്

തിരുവനന്തപുരം: ആയുര്‍വേദം ഉള്‍പ്പടെയുള്ള പരമ്പരാഗത ചികിത്സാമേഖലയുടെ വിപണിസാധ്യതകള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന്റെ ഭാഗമായി നടന്ന ബിസിനസ്സ് മീറ്റ്. ബിസിനസ്സ് മീറ്റിലും തുടര്‍ന്ന് നടന്ന ബയര്‍ സെല്ലര്‍ മീറ്റിലും 19 രാജ്യങ്ങളില്‍ നിന്നായി 32 ഓളം പ്രതിനിധികള്‍ ആയുഷ് മേഖലയുടെ വ്യവസായ സാധ്യതകള്‍ ചര്‍ച്ച ചെയ്തു. കേരളത്തിലെ ആയുര്‍വേദ, സിദ്ധ, ഹോമിയോ എന്നീ മേഖലകളിലെ ഉല്‍പ്പന്നങ്ങളുടെയും വെല്‍നസ് ടൂറിസം പോലുള്ള സേവനങ്ങളുടെയും വിദേശ വിപണന സാധ്യതകളില്‍ മീറ്റില്‍ പങ്കെടുത്ത വിദേശ പ്രതിനിധികള്‍ താല്‍പര്യം പ്രകടിപ്പിച്ചു. യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ആയുഷ് ചികിത്സാ രീതികള്‍ക്ക് ഏറെ പ്രചാരമുണ്ടെന്ന് മീറ്റില്‍ സംസാരിച്ച ഒമാന്‍, യുഎഇ, ബഹറിന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയ പ്രതിനിധികള്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള നാല്‍പ്പതോളം കമ്പനികളാണ് ബയര്‍ സെല്ലര്‍ മീറ്റിന്റെ ഭാഗമായത്. വെല്‍നസ്സ് ടൂറിസത്തിന്റെ ശരിയായ വിപണനമാര്‍ഗ്ഗങ്ങളും അനന്തസാധ്യതകളും ചര്‍ച്ച ചെയ്ത മീറ്റില്‍ ജര്‍മനി, റഷ്യ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ സാന്നിധ്യം ശ്രദ്ധേയമായി.

പ്രമേഹത്തെ ചെറുക്കുവാനുള്ള പ്രൊഫ സന്ദീപ് കുമാര്‍ വസിഷ്ടിന്റെ പഠനം മീറ്റില്‍ അവതരിപ്പിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷമായി ആഗോള തലത്തില്‍ ആരോഗ്യ മേഖലയില്‍ നിരവധി പുരോഗമനങ്ങളുണ്ടായിട്ടുണ്ടെന്നും കേരളവും ഈ മേഖലയില്‍ ഏറെ പുരോഗതി പ്രാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജര്‍മനിയിലെ വല്ലൊ മെഡിക്കല്‍ ഹെല്‍ത്ത് കെയറില്‍ ചീഫ് സയന്റിഫിക്ക് ഓഫീസറായ വസിഷ്ട്, വിദേശത്ത് ആരോഗ്യ രംഗത്ത് ശീലിച്ചു വരുന്ന നൂതന പരീക്ഷണങ്ങളെ കുറിച്ചും ആമുഖമായി സംസാരിച്ചു. ആഗോള തലത്തില്‍ ആരോഗ്യ മേഖലയില്‍ ആയുഷിനു ചെലുത്താവുന്ന സ്വാധീനം കോട്ടക്കല്‍ ആര്യവൈദ്യശാല സിഎംഒ ഡോ പി ആര്‍ രമേഷ് ചടങ്ങില്‍ അവതരിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button