
കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഐടി മന്ദിരമായ സാന്‍ഡ്സ് ഇന്‍ഫിനിറ്റ് രണ്ട് വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട്സിറ്റി കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങും. വാസ്തുശില്‍പ്പകലയുടെ മകുടോദാഹരണമായ ഈ ഇരട്ട മന്ദിരങ്ങള്‍ക്ക് 152 മീറ്ററാണ് ഉയരം. അണ്ടര്‍ ഗ്രൗണ്ടിലുള്ള മൂന്നു നിലകളും ഗ്രൗണ്ട് ഫ്ളോറും കൂടാതെ 29 നിലകളുമുള്ള ഈ പദ്ധതി പ്രവര്‍ത്തന ക്ഷമമാകുമ്പോള്‍ 25,000 ഐടി ജീവനക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും.
പൂര്‍ണമായും ഹരിത സുസ്ഥിര സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പണിയുന്ന സാന്‍ഡ്സ് ഇന്‍ഫിനിറ്റ് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ നിര്‍മ്മാണ പദ്ധതിയാണ്. ഡിസംബര്‍ 2015 ല്‍ നിര്‍മ്മാണം ആരംഭിച്ച പദ്ധതി 2020 ഡിസംബറില്‍ പൂര്‍ത്തിയാകും. 29 നിലകളിലായി 36 ലക്ഷം ചതുരശ്ര അടി ഓഫീസ് സ്ഥലവും മൂന്ന് നിലകളിലായി 4200 കാര്‍ പാര്‍ക്കിംഗ് സൗകര്യവുമാണ് ഈ ഐടി മന്ദിരത്തിലുണ്ടാവുക. ഇതു കൂടാതെ അതിവേഗ ലിഫ്റ്റുകളും എസ്കലേറ്ററുകളും ഈ മന്ദിരത്തിലുണ്ടാകും.
കേരളത്തില്‍ സ്വകാര്യമേഖലയില്‍ വരുന്ന ഏറ്റവും വലിയ വികസന പദ്ധതികളിലൊന്നാകും സാന്‍ഡ്സ് ഇന്‍ഫിനിറ്റ്. സ്മാര്‍ട്ട്സിറ്റി കൊച്ചിയില്‍ 12.74 ഏക്കര്‍ സ്ഥലത്താണ് പദ്ധതി പൂര്‍ത്തിയാകുന്നത്. പൂര്‍ത്തിയാകുമ്പോള്‍ കേരളത്തിലെ ഐടി മേഖലയിലെ ഏറ്റവും വലിയ നിക്ഷേപകരാകും സാന്‍ഡ്സ് ഇന്‍ഫിനിറ്റ്. 1200 കോടി രൂപയുടെ നിക്ഷേപമാണ് ഇതിലൂടെ കേരളത്തിന് ലഭിക്കുന്നത്.
Post Your Comments