ന്യൂഡല്‍ഹി: കശ്മീരിലെ പുല്‍വാമയില്‍ സി.ആര്.പി.എഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സഹായിച്ചത് ആധാര്‍കാര്‍ഡുകളും ലീവ് അപേക്ഷകളും മറ്റ് സ്വകാര്യ വസ്തുക്കളുമെന്ന് അധികൃതര്‍. ഇവരുടെ ബാഗുകളില്‍ നിന്നും പാന്റിന്റെ പോക്കറ്റില്‍ നിന്നും ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്,പാന്‍ കാര്‍ഡ്, ലീവ് അപേക്ഷ തുടങ്ങിയ വസ്തുക്കള്‍ കണ്ടെത്തിയാണ് മിക്കവരേയും തിരിച്ചറിഞ്ഞത്.
ആര്‍ഡിഎക്സ് ഉപയോഗിച്ച് നടത്തിയ സ്ഫോടനത്തിന്റെ ആഘാതത്തില്‍ ജവാന്മാരുടെ ഛിന്നഭിന്നമായ ശരീരഭാഗങ്ങള്‍ സ്ഥലത്താകെ ചിതറിത്തെറിച്ചിരിക്കുകയായിരുന്നു. മരിച്ചവരെ തിരിച്ചറിയുക എന്നത് പ്രയാസകരമായിരുന്നു. ചിലരെ ഇവര്ഉപയോഗിച്ചിരുന്ന വാച്ചുകളും പേഴ്സുകളും വഴിയാണ് സഹപ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞതെന്ന് ഒരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന് പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച അടയാളങ്ങള്‍ ഉറപ്പ് വരുത്തുന്നതിനായി സൈനികരുടെ കുടുംബാംഗങ്ങളുമായി നൂറുകണക്കിന് തവണയാണ് ഫോണിലൂടെ ബന്ധപ്പെട്ടത്.
ഡല്‍ഹിയിലെ സിആര്‍പിഎഫ് ആസ്ഥാനത്ത് നിന്ന് കൊല്ലപ്പെട്ട 40 പേരുടെ ലിസ്റ്റാണ് വെള്ളിയാഴ്ച വൈകുന്നേരം പുറത്തുവിട്ടത്.തെക്കന്‍ കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ ശ്രീനഗറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ലെത്പോറയില്‍ വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു ആക്രമണം.
Post Your Comments