ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയില്‍ മഞ്ഞപ്പിത്തം പടരുന്നു. നഗരത്തിലെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു ഹോസ്റ്റലിലെ 100 ഓളം വിദ്യാര്‍ത്ഥിനികള്‍ മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയില്‍ കഴിയുന്നതായാണ് റിപ്പോര്‍ട്ട്. സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും കാര്യമായ ഇടപെടല്‍ നടത്താതെ ആരോഗ്യ വിഭാഗവും നഗരസഭയും മൗനത്തിലാണെന്നും പരാതിയുയര്‍ന്നിട്ടുണ്ട്.
ചങ്ങനാശ്ശേരിയിലെ പ്രബല വനിതാ കോളജിന്റെ ഹോസ്റ്റലുകളില്‍ 200 ഓളം വിദ്യാര്‍ത്ഥിനികള്‍ താമസിക്കുന്ന അമല ഭവനില്‍ കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്ന് വന്ന് ഡിഗ്രി ഉള്‍പ്പടെയുള്ള തൊഴിലധിഷ്ഠിത കോഴ്സുകള്‍ പഠിക്കുന്ന 135 വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി ചികിത്സക്കായി വീടുകളിലേക്ക് അയച്ചിരിക്കുകയാണ്.
വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും വിഷയം പുറത്തുപറഞ്ഞാല്‍ കുട്ടികളുടെ ഭാവിയെ ബാധിക്കുമോയെന്നു ആശങ്കപ്പെടുന്നതിനാല്‍ പുറത്തുപറയാന്‍ മടിക്കുകയാണ്. ഒരുമാസം മുമ്പ് കലശലായ വയറുവേദന അനുഭവപ്പെട്ട ചില കുട്ടികളില്‍ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു.
ആരോഗ്യവിഭാഗം ഹോസ്റ്റല്‍ കിണറിലെ വെള്ളം പരിശോധനക്ക് അയച്ചതിന്റെ ലാബ് റിപ്പോര്‍ട്ടില്‍ മഞ്ഞപ്പിത്തത്തിന്റെ ബാക്ടീരിയ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഡെപ്യൂട്ടി ഡി എം ഒ ഹോസ്റ്റലില്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ മഞ്ഞപ്പിത്തം സമീപ സ്ഥലങ്ങളിലേക്ക് പടരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഹോസ്റ്റലിനോട് ചേര്‍ന്നുള്ള ബാലിക ഭവനിലെ നാലുകുട്ടികള്‍ക്കു രോഗം ബാധിച്ചതായി സൂചനയുണ്ട്.
Post Your Comments