കൊച്ചി: ആവി എന്‍ജിന്‍ തീവണ്ടിയില്‍ യാത്ര ചെയ്തവര്‍ ഇന്നത്തെ കാലത്ത് അധികമുണ്ടാകില്ല. അവര്‍ക്കൊരു പുതിയ യാത്രാനുഭവം പകരാനായി ദക്ഷിണ റെയില്‍വേയുടെ പൈതൃക തീവണ്ടി യാത്രയ്ക്കായി ഒരുങ്ങിക്കഴിഞ്ഞു.
ആവി എന്‍ജിനില്‍ ഓടിയിരുന്ന 165 വര്‍ഷം പഴക്കമുള്ള തീവണ്ടിയാണ് എറണാകുളം സൗത്തില്‍ നിന്ന് ഹാര്‍ബര്‍ ടെര്‍മിനസിലേക്ക് യാത്ര നടത്തുന്നത്. ശനിയും ഞായറും മാത്രമായിരിക്കും യാത്ര നടത്തുന്നത്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഇ.ഐ.ആര്‍. 21 എന്ന കല്‍ക്കരി തീവണ്ടിയാണ് സര്‍വീസിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി വ്യാഴാഴ്ചയും വെള്ളിയാഴ്ചയും പ്രത്യേക ട്രയല്‍ റണ്ണും നടത്തിയിരുന്നു.
163 വര്‍ഷം പഴക്കമുള്ള എന്‍ജിന്‍ 55 വര്‍ഷത്തോളം സര്‍വീസ് നടത്തിയ ശേഷം ഒരു നൂറ്റാണ്ടോളം മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ചെന്നൈ പെരമ്പൂര്‍ ലോക്കോ വര്‍ക്സില്‍ പുനര്‍നിര്‍മാണം നടത്തിയ ശേഷമാണ് തീവണ്ടി ദക്ഷിണ റെയില്‍വേ ഏറ്റെടുത്തത്. നാഗര്‍കോവിലില്‍ നിന്ന് കന്യാകുമാരിയിലേക്കായിരുന്നു പൈതൃക തീവണ്ടിയുടെ ആദ്യയാത്ര.
ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ 11-ന് എറണാകുളം സൗത്ത് സ്റ്റേഷനില്‍നിന്ന് ഈ പ്രത്യേക തീവണ്ടി സര്‍വീസ് ആരംഭിക്കും. ഒരേസമയം 40 പേര്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഒരു എന്‍ജിനും ഒരു എ.സി. കമ്പാര്‍ട്ട്മെന്റുമുള്ള തീവണ്ടിയില്‍ ഉള്ളത്.
Post Your Comments