ന്യൂഡൽഹി : പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നിലുള്ള ശക്തികള്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രത്തിന്‍റെ രോഷം മനസിലാക്കുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കും. ഭീകരര്‍ക്ക് എതിരെ നീങ്ങാന്‍ സേനകള്‍ക്ക് പരിപൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും അവരുടെ ധൈര്യത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും നരേന്ദ്രമോദി പറഞ്ഞു.
ലോകത്തില്‍ നിന്ന് പൂര്‍ണ്ണമായും ഒറ്റപ്പെട്ട നമ്മുടെ അയല്‍ക്കാര്‍ ഗൂഢാലോചന നടത്തി ഇന്ത്യയെ ശിഥിലീകരിക്കാന്‍ ശ്രമിക്കുകയാണ്. പക്ഷേ അവർ ചെയ്തത് വളരെ വലിയ തെറ്റാണ്. മന്ത്രിസഭാ സുരക്ഷാ സമിതി യോഗത്തിന് ശേഷം പ്രധാനമന്ത്രി പങ്കെടുത്ത ആദ്യ പൊതുപരിപാടിയായ വന്ദേ ഭാരത് എക്സ്പ്രസിന്‍റെ ഉദ്ഘാടന വേദിയിലായിരുന്നു ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
ഈ ഘട്ടത്തില്‍ ഇന്ത്യയ്ക്കൊപ്പം നിന്ന് ഭീകരാക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച എല്ലാ ലോകരാഷ്ട്രങ്ങള്‍ക്കും നന്ദി പറയുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments