തൃശൂര്‍: ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കൊടി സുനി തടവറയില്‍ നിന്ന് വിളിച്ചത് ആയിരത്തിലേറെ കോളുകളെന്ന് റിപ്പോര്‍ട്ട്. സുനി ഉള്‍പ്പെടെ തടവറയില്‍ കഴിയുന്ന നിരവധി കുറ്റവാളികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായി പോലീസിന് വ്യക്തമായിട്ടുണ്ട്. രണ്ടാഴ്ച്ച മുന്‍പ് ജയിലില്‍ നടന്ന പരിശോധനയിലാണ് 9 മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ചെടുക്കുന്നത്. തുടര്‍ന്ന് നടത്തിയ ആന്വേഷണത്തില്‍ കൊടി സുനി ആയിരത്തിലേറെ കോളുകള്‍ ചെയ്തതായി വ്യക്തമാവുകയായിരുന്നു.
സി.പി.എം നേതാക്കള്‍, വ്യവസായ പ്രമുഖര്‍, ക്രിമിനല്‍ സംഘങ്ങള്‍ അടക്കമുള്ളവരെ സുനി ഉപയോഗിച്ചിരുന്ന നമ്പറില്‍നിന്ന് ബന്ധപ്പെട്ടതായി ഫോണില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബോധ്യമായിട്ടുണ്ട്. സുനി ഫോണ്‍ ചെയ്യുന്നത് മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച വാര്ഡന് മര്‍ദ്ദനമേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പരോള്‍ അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൊടി സുനിയുടെ സമാന കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷയനുഭവിക്കുന്നവര്‍ക്ക് വഴിവിട്ട സഹായങ്ങള്‍ ലഭിക്കുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.
ജയിലില്‍ വെച്ച് കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി സുനി ശ്രമിച്ചിരുന്നുവെന്നാണ് പോലീസ് നല്കുന്ന സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. മോഷണം, പിടിച്ചുപറി, തട്ടിക്കൊണ്ടുപോകല്‍, ക്വട്ടേഷന്‍ ജോലികള്‍ തുടങ്ങിയവ ജയിലില്‍ വെച്ച് ആസൂത്രണം ചെയ്യുകയും പരോളിലെത്തി ഇക്കാര്യങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്നതാണ് സുനിയുടെ രീതി. ഇക്കാര്യങ്ങള്‍ പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നാണ് സൂചന.
Post Your Comments