കേരള ബാങ്ക് രൂപീകരണത്തിന് നബാര്‍ഡ് നിഷ്കര്‍ഷിച്ച 3 അധിക നിബന്ധനകള്‍ ഒഴിവാക്കണമെന്ന സര്‍ക്കാര്‍ അഭ്യര്‍ത്ഥനയ്ക്ക് നബാര്‍ഡില്‍ നിന്നും ഔദ്യോഗികമായി മറുപടി ലഭിച്ചിട്ടില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നാണ് ഇത്തരമൊരു കത്തിനെ കുറിച്ച് അറിയുന്നത്. സര്‍ക്കാരിന് ഔദ്യോഗികമായി കത്ത് നല്‍കും മുമ്പ് തന്നെ കത്തിലേതെന്ന തരത്തില്‍ വിവരങ്ങള്‍ തെറ്റിദ്ധാരണാജനകമായി ചോര്‍ത്തി നല്‍കിയതിന് പിന്നിലെ ഗൂഢനീക്കം അന്വേഷിക്കേണ്ടതാണ്. കേരള ബാങ്ക് രൂപീകരണത്തിനായി റിസര്‍വ് ബാങ്ക് മുന്നോട്ട് വച്ച 19 നിബന്ധനകള്‍ കൂടാതെ നബാര്‍ഡ് നിര്‍ദ്ദേശിച്ച അധിക നിബന്ധനകള്‍ പാലിക്കുന്നതിന് സംസ്ഥാന സഹകരണ നിയമവും ചട്ടങ്ങളും അനുവദിക്കുന്നില്ലെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയതാണ്.
വായ്പേതര സംഘങ്ങള്‍ക്ക് അവയുടെ എണ്ണത്തിനനുസരിച്ച് കേരള ബാങ്കിന്റെ ഭരണസമിതിയില്‍ പ്രാതിനിധ്യം നല്‍കണമെന്ന നബാര്‍ഡിന്റെ മുന്‍വ്യവസ്ഥയില്‍ മാറ്റം വരുത്തിയതായാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മനസിലാക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് പ്രസ്തുത സംഘങ്ങളുടെ പ്രാതിനിധ്യത്തിന്റെ അനുപാതം, വോട്ടവകാശം എന്നീ കാര്യങ്ങളില്‍ ഉചിതമായ തീരുമാനം എടുക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. സഹകരണ തത്വങ്ങളനുസരിച്ച് ഓഹരികളുടെ എണ്ണത്തിനനുസരിച്ചല്ല മറിച്ച് അംഗത്വത്തെ അടിസ്ഥാനമാക്കിയാണ് വോട്ടവകാശം എന്ന സര്‍ക്കാരിന്റെ നിലപാട് നബാര്‍ഡ് അംഗീകരിക്കുന്നുണ്ടെന്നും, ഇതനുസരിച്ച് ആവശ്യമെങ്കില്‍ സര്‍ക്കാരിന് ഉചിതമായ നിയമഭേദഗതി കൊണ്ടുവരാമെന്ന് പരാമര്‍ശമുണ്ടെന്നാണ് അറിയുന്നതെന്ന് മന്ത്രി പറഞ്ഞു. ലയനത്തിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്നതിനുപകരമായി കേവലഭൂരിപക്ഷമെന്ന സര്‍ക്കാര്‍ നയത്തിന് അനുകൂലമാണിത്. സര്‍ക്കാരിന് ഔദ്യോഗികമായി കത്ത് ലഭിച്ചതിനുശേഷം അതിലെ ഉള്ളടക്കം വിശദമായി പരിശോധിച്ച് നബാര്‍ഡിന് ഉചിതമായ മറുപടി നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു.
Post Your Comments