കണ്ണൂര്‍: മലബാര്‍ മലനാട് റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി ടൂറിസം ഫ്രണ്ട്ലി വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസിന് 18ന് തുടക്കമാകും. പറശ്ശിനിക്കടവ് — പഴയങ്ങാടി റൂട്ടിലാണ് ജലഗതാഗത വകുപ്പിന്റെ പ്രത്യേകം സജ്ജമാക്കിയ ബോട്ട് സര്‍വീസ് നടത്തുകയെന്ന് എംഎല്‍എമാരായ ജെയിംസ് മാത്യുവും ടി വി രാജേഷും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ജലഗതാഗത വകുപ്പിന്റെ ബോട്ട് നവീകരിച്ചാണ് ടൂറിസം ഫ്രണ്ട്ലി വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസുകളാക്കി മാറ്റുക. ബോട്ടില്‍ ലഘുഭക്ഷണവും ശീതളപാനീയവും ലഭ്യമാക്കുന്നതിനും പദ്ധതിയുണ്ട്. കുടുംബശ്രീ യൂണിറ്റുകളെ ഉപയോഗിച്ചാവും ഇത്. കണ്ടലുകള്‍, തെയ്യം, കൈത്തറി തുടങ്ങിയ മലബാറിന്റെ പ്രത്യേകതകള്‍ ടൂറിസ്റ്റുകളെ പരിചയപ്പെടുത്തുന്നതിന് ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കും. കുറഞ്ഞ നിരക്കിലാണ് ബോട്ടുകള്‍ സര്‍വീസ് നടത്തുക.
ടൂറിസ്റ്റുകള്‍ക്കും യാത്രക്കാര്‍ക്കും മുന്‍കൂട്ടി സീറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തും. 18ന് രാവിലെ 8.30ന് മന്ത്രി എ കെ ശശീന്ദ്രന് ബോട്ട് സര്‍വീസ് ഫ്ലാഗ് ഓഫ് ചെയ്യും.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ എട്ടു നദികളെ ബന്ധിപ്പിച്ചുള്ള വിപുലവും നൂതനവുമായ ടൂറിസം സംരംഭമാണ് മലനാട് മലബാര്‍ റിവര്‍ ക്രൂയിസ്. സംസ്ഥാന ടൂറിസം വകുപ്പ് കേന്ദ്രസര്‍ക്കാരിന്റെകൂടി സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 325 കോടിയാണ് മൊത്തം ചെലവ്.
Post Your Comments