ഇടുക്കി: മൂന്നാറിലെ വിവാദ കെട്ടിട നിര്‍മാണം ഹൈക്കോടതി തടഞ്ഞതോടെ ദേവികുളത്തെ സിപിഎം എംഎല്‍എ എസ്. രാജേന്ദ്രനും കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തിനും ഏറ്റത് കനത്ത തിരിച്ചടി. അധിക്ഷേപവും പ്രതിഷേധവുമുണ്ടായിട്ടും പതറാതെ മുന്നോട്ടുപോയ സബ് കളക്ടര്‍ രേണു രാജിന്റെ നടപടിക്ക് അഭിനന്ദന പ്രവാഹം.കോടതിയില്‍ സംസ്ഥാന സര്‍ക്കാരും എംഎല്‍എയെ തള്ളിപ്പറഞ്ഞതോടെ കോടതി നടപടിയില്‍ പ്രതികരിക്കാനില്ലെന്നാണ് എംഎല്‍എ എസ്. രാജേന്ദ്രന്റെ നിലപാട്.
കെഡിഎച്ച്‌പി കമ്പനിക്ക് പാട്ടത്തിന് നല്‍കിയ സ്ഥലം കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്നാര്‍ പഞ്ചായത്തിന് അനധികൃതമായി കൈമാറ്റം നടത്തിയാണ് നിര്‍മാണം നടത്തിവന്നത്. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ നിര്‍മ്മിക്കുന്ന ഷോപ്പിങ് കോംപ്ലക്‌സ് മുതിരപ്പുഴയാറില്‍ നിന്ന് 45.72 മീറ്റര്‍ വിട്ട് വേണമെന്ന കോടതിവിധി നിലനില്‍ക്കെ ആറ് മീറ്റര്‍ മാത്രം വിട്ടായിരുന്നു നിര്‍മാണം. നിര്‍മാണം അറിഞ്ഞില്ലെന്ന് കമ്പനി പറയുമ്പോഴും ഈ സ്ഥലം കൈമാറ്റം ചെയ്തതിന് ഇവരും കുടുങ്ങും.
പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറിയടക്കമുള്ളവര്‍ നിര്‍മാണത്തിന് ആര് അനുമതി നല്‍കി, ഫണ്ട് ഏത് തരത്തില്‍ എന്നീ കാര്യങ്ങള്‍ക്ക് കോടതിയില്‍ മറുപടി പറയേണ്ടി വരും. ഇത്തരത്തില്‍ പഞ്ചായത്ത് തന്നെ കൈയേറ്റം നടത്തിയാല്‍ സംസ്ഥാനത്തെ തന്നെ ഏറ്റവും അധികം ആളുകള്‍ താമസിക്കുന്ന ഗ്രാമ മേഖലയില്‍ എന്ത് സംരക്ഷണമാണ് മറ്റുള്ള ഭൂമികള്‍ക്കുള്ളതെന്ന ചോദ്യവും ഉയരുന്നുണ്ട്. ചെറുതോണിയില്‍ വാഴത്തോപ്പ് പഞ്ചായത്ത് പുഴയോരം കൈയേറി അനധികൃതമായി നിര്‍മിച്ച ബസ് സ്റ്റാന്റും പാര്‍ക്കിങ് ഏരിയയും പ്രളയം കൊണ്ടുപോയത് മറക്കരുതെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും വാദിക്കുന്നു.
Post Your Comments