ശ്രീനഗർ : ജമ്മുകശ്മീരിലെ ഭീകരാക്രമണത്തിൽ നാൽപ്പതിലേറെ ജവാന്മാർ വീരമൃത്യു വരിച്ചതിനെ തുടർന്ന് സാമൂഹ്യമാദ്ധ്യമങ്ങളിൽ കശ്മീർ വിഘടനവാദികളുടെ ആഘോഷം. ഇന്ത്യൻ പട്ടികൾക്കുള്ള വാലന്റൈൻസ് ഡേ ഗിഫ്റ്റ് ആണെന്നും ഇന്ന് സുഖമായി ഉറങ്ങാമെന്നും പല കശ്മീർ സൈറ്റുകളുടേയും ഫേസ്ബുക്ക് പോസ്റ്റുകളിൽ കമന്റുകളിട്ടാണ് ആഘോഷ പ്രകടനങ്ങൾ.മോദിക്കുള്ള വാലന്റൈൻസ് ഡേ സമ്മാനമെന്നും കമന്റുകളിലുണ്ട്.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ജെയ്ഷ് ഇ മൊഹമ്മദിന്റെയും ലഷ്കർ ഇ തോയ്ബയുടേയും ഹിസ്ബുൾ മുജാഹിദ്ദീന്റെയും കൊടും ഭീകരരെ സൈന്യം വധിച്ചിരുന്നു. ബുർഹാൻ വാനി , സബ്സർ അഹമ്മദ് ഭട്ട് ,സദ്ദാം പാഡർ , സീനത്തുൽ ഇസ്ലാം , അബു ദുജാന തുടങ്ങിയ കൊടും ഭീകരർ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 917 ഭീകരരെയാണ് ഇന്ത്യൻ സൈന്യം വധിച്ചത്. 2017,2018 വർഷങ്ങളിലാണ് ഏറ്റവും കൂടുതൽ ഭീകരരെ സൈന്യം വധിച്ചത്. 2017 ൽ 218 ഉം 2018 ൽ 276 ഉം ഭീകരെ സൈന്യം വധിച്ചു.
ഇന്ത്യൻ സൈന്യത്തിന്റെ ശക്തമായ ആക്രമണത്തോട് നേരിട്ട് പിടിച്ചു നിൽക്കാൻ കഴിയാത്തതാണ് ചാവേർ ആക്രമണത്തിലേക്ക് തിരിയാൻ ഭീകരരെ പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു.സ്ഫോടകവസ്തുക്കൾ നിറച്ച കാർ സിആർപിഎഫ് വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നെന്നാണ് നിഗമനം. ആദിൽ അഹമ്മദ് ദർ എന്ന ജെയ്ഷ് ഇ മൊഹമ്മദ് ഭീകരനാണ് ചാവേർ ആക്രമണം നടത്തിയത് . ഇയാളുടെ അവസാന സന്ദേശം എന്ന നിലയിൽ വീഡിയോയും സാമൂഹ്യമാദ്ധ്യമങ്ങളിൽ പരക്കുന്നുണ്ട്.
Post Your Comments