ന്യൂഡല്‍ഹി: രാജ്യത്ത് ഉണ്ടായ ഭീകരാക്രമണങ്ങളിൽ കനത്തതായിരുന്നു ഇന്ന് ഉണ്ടായത്. 44 ധീര ജവാന്മാർ ആണ് ഇന്നത്തെ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടത്. പാക്കിസ്ഥാന്‍ സഹായത്തോടെയാണ് ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ ആക്രമണം നടത്തിയതെന്നാണ് പ്രാഥമികനിഗമനം. കൂടാതെ കശ്മീരിലെ വിഘടനവാദികൾ ഫേസ്‌ബുക്കിലൂടെ ഇന്ത്യയ്‌ക്കെതിരെ വാലന്റൈൻസ് ദിനമെന്ന് പറഞ്ഞ് ആഘോഷിക്കുകയുമാണ്. പാക്കിസ്ഥാനെ പാഠം പഠിപ്പിക്കണം എന്ന വികാരമാണ് രാജ്യത്തിനുള്ളില്‍ നിന്നും പൊതുവെ ഉയരുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ കടുത്ത നടപടികളിലേക്ക് രാജ്യം കടക്കുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത് . ഭീകരതക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് വ്യക്തമാക്കി. ഭീകരാക്രമണത്തിന് മറുപടിയായി യുദ്ധത്തിന് ഒരുങ്ങുമോ എന്നാണ് അറിയേണ്ടത്. ശക്തമായ ഭാഷയില്‍ സംഭവത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിട്ടുണ്ട്. നമ്മുടെ ധീരസൈനികരുടെ ജീവത്യാഗം വെറുതെയാവില്ല എന്നും അദ്ദേഹം പറഞ്ഞു വെച്ചു. ഇത് ശക്തമായ നടപടിയിലേക്ക് നീങ്ങുമെന്ന സൂചന നല്‍കുന്നതാണ്. ഡല്‍ഹിയില്‍ നടക്കുന്ന തിരക്കിട്ട ചര്‍ച്ചകളുടെ ഭാവി എന്താകുമെന്നാണ് രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് നാളെ ശ്രീനഗറിലെത്തും. ദേശീയസുരക്ഷാ ഉപദേഷ്ടാവ് കേന്ദ്രഏജന്‍സികളുടെ അടിയന്തരയോഗം വിളിച്ചു. ഭൂട്ടാന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഡല്‍ഹിയില്‍ മടങ്ങിയെത്തിയിട്ടുണ്ട്. ദേശീയ അന്വേഷണ ഏജന്‍സിയുടെ 12 അംഗ സംഘം നാളെ രാവിലെ പുല്‍വാമയിലേക്ക് തിരിക്കും. ഐ ജി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും എന്‍ ഐ എ സംഘത്തെ നയിക്കുക. ഇതിനിടെ ഇന്ത്യക്ക് പിന്തുണയുമായി അമേരിക്കയും രംഗത്ത്. ഇന്ത്യയ്‌ക്കൊപ്പമെന്ന് അമേരിക്കന്‍ സ്ഥാനപതി കെന്നത് ജസ്റ്റര്‍ അറിയിച്ചു.
ജവാന്മാര്‍ക്ക് വേണ്ടി കണ്ണീര്‍ വാര്‍ത്തിരിക്കയാണ് രാജ്യം. സോഷ്യല്‍ മീഡിയയില്‍ അടക്കം പാക്കിസ്ഥാനെതിരെ കര്‍ശന നടപടി വേണമെന്നും ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചും കൊണ്ടുള്ള അനുശോചന സന്ദേശങ്ങളാണ് എങ്ങും. രാഷ്ട്രീയ നേതാക്കള്‍ എല്ലാവരും ഒറ്റക്കെട്ടായി സംഭവത്തെ അപലപിച്ചു രംഗത്തുവന്നു. ഈ ആക്രമണത്തെ അപലപിക്കാന്‍ മതിയായ വാക്കുകള്‍ കിട്ടുന്നില്ലെന്ന് ജമ്മു കശ്മീര്‍ മുന്മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പ്രതികരിച്ചു. 18 വര്‍ഷത്തിനിടെ കശ്മീരില്‍ സൈന്യത്തിനെതിരെ ഉണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണിത്. സൈന്യത്തിന്റെ വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാാഹനം ഓടിച്ചുകയറ്റുകയാണ് ഉണ്ടായത്. സൈനിക ബസിലുണ്ടായിരുന്നവരാണ് മരിച്ചവരില്‍ ഭൂരിഭാഗവും.
Post Your Comments