തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ദുരിതകണ്ണീരിന് ചെറിയൊരു ശമനമായി അവരുടെ കടബാധ്യതകള്‍ എഴുതിതളളാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നീതി ലഭിക്കുന്നതിനായി സെക്രട്ടറിയേറ്റ് പടിക്കല്‍ ദിവസങ്ങളോളം പട്ടിണി സമരം കിടന്നിരുന്നു. ഇത് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെട്ടിരുന്നു.
ഇതോടെ 50,000 മുതല്‍ 3 ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളാനാണ് സര്‍ക്കാര്‍ ഉത്തരവ്. 455 കടബാധ്യതകളാണ് എഴുതി തള്ളാനായുളള ഉത്തരവിട്ടിരിക്കുന്നത്. ഇതിനായി 4.39 കോടി രൂപ സാമൂഹ്യനീതി വകുപ്പ് അനുവദിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. 50,000 മുതല്‍ 3 ലക്ഷം രൂപ വരെയുള്ള 455 കടബാധ്യതകള്‍ എഴുതിത്തള്ളാനുള്ള തുകയാണ് കാസര്‍ഗോഡ് ജില്ല കളക്ടര്‍ക്ക് അനുവദിച്ച് ഉത്തരവായിട്ടുളളത്.
എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ചേര്‍ന്ന യോഗത്തിലെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ദുരിതബാധിതരുടെ 3 ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളുന്നതിന് ആവശ്യമായ 7.63 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു.
അതിന്റെ അടിസ്ഥാനത്തില്‍ ആദ്യഘട്ടമായി 2011 ജൂണ്‍ വരെയുള്ള 50,000 രൂപ വരെയുള്ള 1083 കടബാധ്യതകള്‍ക്കായി 2,17,38,655 രൂപ കാസര്‍ഗോഡ് ജില്ല കളക്ടര്‍ക്ക് അനുവദിച്ച് ഉത്തരവായിട്ടുണ്ട്. രണ്ടാം ഘട്ടമായാണ് 50,000 മുതല്‍ 3 ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിതള്ളാനുള്ള തുക അനുവദിച്ചതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
Post Your Comments