KeralaLatest News

വസ്തുനികുതി കുടിശ്ശികയായി ലക്ഷങ്ങള്‍ ചുമത്തി; വ്യാപാരികള്‍ പ്രതിസന്ധിയില്‍

കൊല്ലം :വസ്തുനികുതി കുടിശ്ശികയായി ലക്ഷങ്ങള്‍ ചുമത്തിയതോടെ വ്യാപാരികള്‍ വെട്ടിലായി. കുടിശ്ശിക അടച്ചില്ലെങ്കില്‍ ലൈസന്‍സ് പുതുക്കാനാവാത്ത സ്ഥിതിയിലാണ് വ്യാപാരികള്‍.

28-നകം പുതുക്കേണ്ട ഡെയ്ഞ്ചറസ് ആന്‍ഡ് ഒഫന്‍സീവ് (ഡി ആന്‍ഡ് ഒ) ലൈസന്‍സിന് വസ്തുനികുതി അടച്ച രസീത് ഹാജരാക്കണം. 2013-14 മുതലുള്ള വസ്തുനികുതി പുതുക്കിവന്നപ്പോള്‍ പലര്‍ക്കും അടയ്ക്കാനുള്ളത് ലക്ഷങ്ങളാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ വലിയ തുക നികുതിയടച്ച് എങ്ങനെ ലൈസന്‍സ് സമ്പാദിക്കാനാവുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍.

10 മുതല്‍ 25 ശതമാനം വരെ വര്‍ധനയാണ് വസ്തുനികുതിയിലുണ്ടായിട്ടുള്ളത്. പുതുക്കിയ നികുതി അടയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നഗരസഭയുടെ നോട്ടീസ് കെട്ടിടമുടമകള്‍ക്കെല്ലാം കിട്ടിയിട്ടുണ്ട്. 30 ദിവസത്തിനുള്ളില്‍ നികുതി അടയ്ക്കണമെന്നാണ് ആവശ്യം. കോര്‍പ്പറേഷനിലെ സ്ഥലത്തിന് സ്വാഭാവികമായി നികുതി കൂടും.

സ്വന്തം കെട്ടിടത്തില്‍ വ്യാപാരം നടത്തുന്നവര്‍ക്ക് നികുതിക്കുടിശ്ശികയടച്ച് ലൈസന്‍സെടുക്കാം. എന്നാല്‍, വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉടമ നികുതിയടച്ചാലേ ലൈസന്‍സ് കിട്ടുകയുള്ളൂ. നേരത്തേ കച്ചവടക്കാര്‍ സ്വയം നികുതിയടച്ച് അത് വാടകയിനത്തില്‍ തട്ടിക്കിഴിക്കുകയായിരുന്നു പതിവ്. നികുതിത്തുക കൂടിയതോടെ ഉടമയ്ക്കും വാടകക്കാരനും അടയ്ക്കാന്‍ ബുദ്ധിമുട്ടായി.

വ്യാപാരികളുടെ ബുദ്ധിമുട്ടു പരിഗണിച്ച് നികുതിയടയ്ക്കാന്‍ സാവകാശം നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തതയില്ലെന്ന് ക്വയിലോണ്‍ മര്‍ച്ചന്റ് ചേംബര്‍ ഓഫ് കൊമേഴസ് പ്രസിഡന്റ് എസ്.രമേശ്കുമാര്‍ (ടി.എം.എസ്.മണി) പറഞ്ഞു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വസ്തുനികുതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാം. ഒരുവര്‍ഷത്തെ നികുതി മാത്രമടച്ച് തത്കാലം പ്രശ്‌നം പരിഹരിക്കാമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. എന്നാല്‍, ഇത് ഏതുവര്‍ഷത്തെ നികുതിയായിരിക്കുമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാത്തത് വ്യാപാരികള്‍ക്ക് ബുദ്ധിമുട്ടായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button