വീഡിയോ അസിസ്റ്റ് റഫറീസ്(വാര്‍) സംവിധാനം ഉടന്‍ തന്നെ ചാമ്പ്യന്‍സ് ലീഗിലും ഉപയോഗിക്കുമെന്ന് യുവേഫ പ്രസിഡന്റ് അലക്സാണ്ടര്‍ സെഫെരിന്‍. ഈ ആഴ്ച്ച തന്നെ വാര്‍ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ ഉപയോഗിച്ചു തുടങ്ങുമെന്നാണ് സെഫരിന്‍ വ്യക്തമാക്കിയത്. കഴിഞ്ഞ റഷ്യന്‍ ലോകകപ്പിലും യൂറോപിലടക്കം പല ഫുട്ബോള്‍ ലീഗുകളിലും വാര്‍ ഉപയോഗിച്ചിരുന്നു.ചൊവ്വാഴ്ച്ച നടക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് – പി.എസ്.ജി, റോമ- പോര്‍ട്ടോ മത്സരങ്ങളില്‍ വാര്‍ ഉപയോഗിക്കുമെന്നാണ് യുവേഫ പ്രസിഡന്റ് അറിയിച്ചിരിക്കുന്നത്.
അടുത്ത സീസണ്‍ മുതല്‍ ചാമ്പ്യന്‍സ് ലീഗില്‍ ഉള്‍പ്പെടുത്തുമെന്ന് കരുതിയിരുന്ന വാര്‍ ആറ് മാസം മുമ്പ് തന്നെ അവതരിപ്പിച്ചിരിക്കുകയാണ്.വാറിനെ ശക്തമായി എതിര്‍ത്തിരുന്നയാളാണ് മുന്‍ യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ലാറ്റിനി എന്നാല്‍ ചാമ്പ്യന്‍സ് ലീഗിലെ മുന്‍നിര ക്ലബുകളില്‍ നിന്നുള്ളതടക്കമുള്ള സമ്മര്‍ദവും യുവേഫയെ വാറില്‍ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് സൂചന.
യുവന്റസ് ചെയര്‍മാന്‍ ആന്‍ഡ്രിയ അഗ്‌നെല്ലി, മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോള അടക്കമുള്ളവര്‍ വാറിനുവേണ്ടി വാദിക്കുന്നവരാണ്.വാര്‍ സംവിധാനം വന്നാല്‍ പരിശീലകര്‍ക്ക് അഭിപ്രായം പറയാന്‍ വേദിയൊരുക്കിയില്ലെന്ന വിമര്‍ശത്തെ സെഫെരിന്‍ തള്ളിക്കളഞ്ഞു.എന്നാല്‍ ടോട്ടന്‍ഹാം മാനേജര്‍ മൗറീഷ്യ പൊച്ചെറ്റീനോ വ്യത്യസ്ഥ പക്ഷക്കാരനാണ്. ‘ആരും ഫുട്ബോള്‍ മത്സരങ്ങള്‍ വാറിന്റെ അകമ്പടിയില്‍ കാണാന്‍ ഇഷ്ടപ്പെടുന്നില്ല. ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തും മുമ്പ് ക്ലബുകളുടെ അഭിപ്രായം കൂടി തേടേണ്ടതായിരുന്നു.’ എന്നായിരുന്നു പൊച്ചെറ്റീനോ പറഞ്ഞത്.
വാര്‍ സംവിധാനത്തെക്കുറിച്ച് വിശദീകരിക്കുന്നതിന് 16 ടീമുകളുടേയും പരിശീലകരെ ക്ഷണിച്ചിരുന്നു. അതില്‍ യുവന്റസ്, ലയോണ്‍, പി.എസ്.ജി, റോമ, എഫ്.സി ഷാല്‍കെ എന്നീ ടീമുകളുടെ മാത്രമാണ് പരിശീലകര്‍ എത്തിയത്. മറ്റെല്ലാ ക്ലബുകളും പരിശീലക സംഘത്തിലെ അംഗങ്ങളേയോ മാര്‍ക്കറ്റിംങ് വിഭാഗത്തിലെ ജീവനക്കാരെയോ ഒക്കെയാണ് അയച്ചത്. എന്തെല്ലാം വിമര്‍ശനങ്ങളുണ്ടെങ്കിലും എന്താണ് വാര്‍ സംവിധാനമെന്ന് സാങ്കേതിക വിദഗ്ധര്‍ വിശദമാക്കി തരുന്നത് നേരിട്ട് മനസിലാക്കാനുള്ള അവസരമാണ് ഈ പരിശീലകരും ടീമുകളും നഷ്ടപ്പെടുത്തിയതെന്നും സെഫെരിന്‍ വ്യക്തമാക്കി.
Post Your Comments