തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് കുടിവെള്ള വിതരണം കാര്യക്ഷമമാക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും അവസാനഘട്ടത്തിലാണെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. പൊങ്കാല ആവശ്യങ്ങള്‍ക്കായി നഗരത്തില്‍ ആയിരത്തിലേറെ പ്രത്യേക കുടിവെള്ള ടാപ്പുകള്‍ സ്ഥാപിക്കുന്നതിനൊപ്പം ആവശ്യമായ സ്ഥലങ്ങളിലെല്ലാം ടാങ്കര്‍ ലോറികളില്‍ കുടിവെള്ളമെത്തിക്കും.
അറ്റകുറ്റപ്പണികള്‍ക്കായി നിയോഗിച്ച, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജോലിക്കാരുടെ പ്രത്യേക സംഘം പൊങ്കാല കഴിയുന്നതു വരെ രംഗത്തുണ്ടാകും. പൊങ്കാല പ്രദേശങ്ങളെ ആറ്റുകാല്‍, ഫോര്‍ട്ട്, ചാല, ശ്രീവരാഹം എന്നിങ്ങനെ നാലു മേഖലകളായി തിരിച്ച് അത്യാവശ്യ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി ചെയ്തുതീര്‍ക്കുകയാണ്. ഈ മേഖലകളില്‍ 1240 താല്‍ക്കാലിക കുടിവെള്ള ടാപ്പുകളും ആറ്റുകാല്‍ മേഖലയില്‍ 50 ഷവറുകളും സ്ഥാപിക്കും.
ആറ്റുകാല്‍, കളിപ്പാന്‍കുളം, കൊഞ്ചിറവിള, കുര്യാത്തി, മണക്കാട് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ആറ്റുകാല്‍ മേഖലയില്‍ 700 ടാപ്പുകളും തമ്പാനൂര്‍, ചാല വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ചാല മേഖലയില്‍ 110 ടാപ്പുകളും ഫോര്‍ട്ട്, ഈഞ്ചയ്ക്കല്‍ വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഫോര്‍ട്ട് മേഖലയില്‍ 160 ടാപ്പുകളും ശ്രീവരാഹം, അമ്പലത്തറ, കമലേശ്വരം, മാണിക്യവിളാകം, പുത്തന്‍പള്ളി വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ശ്രീവരാഹം മേഖലയില്‍ 270 ടാപ്പുകളും സ്ഥാപിക്കുന്ന പ്രവൃത്തികള്‍ 17നു മുന്‍പ് പൂര്‍ത്തിയാക്കും.
ഇതു കൂടാതെ തിരുവനന്തപുരം കോര്‍പറേഷന്‍ സ്ഥാപിക്കുന്ന കിയോസ്കുകളില്‍ കുടിവെള്ളംഎത്തിക്കാനായി പിടിപി നഗര്‍, വണ്ടിത്തടം, ഫില്‍ട്ടര്‍ ഹൗസ് എന്നിവിടങ്ങളില്‍ വെന്‍ഡിങ് പോയിന്‍റുകള്‍ സ്ഥാപിക്കും. കൂടാതെ ആറ്റുകാലിനു സമീപം കല്ലടിമുഖത്ത് ഇത്തവണ പുതിയ വെന്‍ഡിങ് പോയിന്‍റും സ്ഥാപിക്കുന്നുണ്ട്.
പൊങ്കാല പ്രദേശങ്ങളില്‍ ഡ്രെയ്നേജ് പൈപ്പുകളും മാന്‍ഹോളുകളും വൃത്തിയാക്കുന്നതിനായി 22 പ്രവൃത്തികള്‍ക്ക് 69.67 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഈ ജോലികള്‍ 18നു മുന്‍പ് പൂര്‍ത്തിയാക്കും.
Post Your Comments