കൊച്ചി: ലഹരി വില്പനക്കാരന്‍ എക്‌സൈസിനെ കണ്ട് ഓടി, ഇയാള്‍ക്ക് പുറകെ പണവുമായി ഓടിയയാള്‍ വന്നുപെട്ടത് എക്‌സൈസിന്റെ മുന്നില്‍. കാര്യം തിരക്കി പിടികൂടേണ്ട കാര്യമേ എക്‌സൈസിന് വന്നുള്ളൂ. പെരുമ്പടപ്പ് സ്വദേശി എബിന്‍ ആന്റണി (21) ആണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. മരുന്ന് വില്പനയ്ക്കായി കൊണ്ടുവന്ന മട്ടാഞ്ചേരി ചക്കാമാടം ജൂ ടൗണ്‍ സ്വദേശി അരുണ്‍ ജോര്‍ജിനായുള്ള അന്വേഷണത്തിലാണ് എക്‌സൈസ്. പെരുമ്പടപ്പ് ഭാഗത്തെ ഇടവഴിയില്‍ ലഹരി ഇടപാട് നടക്കുകയായിരുന്നു. എബിന് അരുണ്‍ ലഹരി ഗുളികകള്‍ കൈമാറി. അല്പം മാറി നിന്ന് എബിന്‍ ലഹരി മരുന്നാണെന്ന് ഉറപ്പിച്ച് പണം എടുത്തു. എന്നാല്‍ പണം കൈപ്പറ്റാനായി നിന്നിരുന്ന അരുണ്‍ എക്‌സൈസിന്റെ വാഹനം കണ്ട് ഓടുകയായിരുന്നു. കാര്യം പിടികിട്ടാതിരുന്ന എബിന്‍ ഇയാളുടെ പിറകെ പണവുമായി ഓടി. എബിന്‍ ഓടി എത്തിയത് എക്‌സൈസ് വാഹനത്തിന് മുമ്പിലേക്ക്.
വഴിയില്‍ നിന്ന ഒരാള്‍ ഓടി മറയുകയും മറ്റൊരാള്‍ തങ്ങളുടെ വാഹനത്തിന് നേരെ ഓടി വരുന്നതും കണ്ട എക്‌സൈസുകാരും അമ്പരന്നു. തങ്ങളുടെ സമീപം ഓടിക്കിതച്ചെത്തിയ എബിനോട് എക്‌സൈസ് വിവരം ചോദിച്ചു. കൂട്ടുകാരന് പനിയാണെന്നും അവനുള്ള മരുന്നും വാങ്ങി വന്നതാണെന്നും പക്ഷെ അവന്‍ മരുന്ന് വാങ്ങാതെ ഓടിപ്പോയെന്നും അത് കൊടുക്കാനാണ് താന്‍ പിന്നാലെ ഓടിയതെന്നും എബിന്‍ പറഞ്ഞു. ‘ഓടിച്ചിട്ട് കൊടുക്കുന്ന മരുന്ന്’ കാണാന്‍ കൈവശമുള്ള കവര്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് പനിക്കുള്ള മരുന്നല്ലെന്നും ലഹരിക്കായി ദുരുപയോഗം ചെയ്യുന്ന ഗുളികകള്‍ ആണെന്നും എക്‌സൈസിന് ബോധ്യമായത്. 54 നൈട്രോസെപാം ഗുളികകള്‍ എബിന്റെ കൈയില്‍ നിന്ന് പിടിച്ചെടുത്തു. 70 ഗ്രാം കഞ്ചാവും ഇയാളുടെ കൈയില്‍ നിന്ന് കണ്ടെടുത്തു.
Post Your Comments