റിയാദ്: മാതാവിന്റെ മുന്നില്‍ വച്ച് ആറ് വയസുകാരന്റെ തലവെട്ടി. സൗദ് അറേബ്യയിലെ മദീനയില്‍ ആണ് അക്രമികളുടെ ഈ ക്രൂരത. സക്കരിയ്യ അല്‍ ജാബിര്‍ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ഷിയാ വിഭാഗത്തില്‍പ്പെട്ടതായതിനാലാണ് ആക്രമണം നടന്നതെന്നും ആരോപണമുണ്ട്. എന്നാല്‍ അക്രമി മാനസിക വിഭ്രാന്തിയുള്ള വ്യക്തിയാണെന്ന് പോലീസ് പറയുന്നു.
ഷിയാ റൈറ്റ്സ് വാച്ച് എന്ന സംഘടനയെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. മദീനയില്‍ കഴിഞ്ഞ വ്യാഴാഴ്ച പകലായിരുന്നു സംഭവം. കഴിഞ്ഞദിവസമാണ് മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടത്. വിശദവിവരങ്ങള്‍ ഇങ്ങനെ…
പൊട്ടിയ ഗ്ലാസ് ഉപയോഗിച്ചാണ് അക്രമി കൊലപാതകം നടത്തിയത്. കുട്ടിയുടെ മാതാവ് അല്‍പ്പം അകലെ നിന്ന് സംഭവം കാണുന്നുണ്ടായിരുന്നു. അവര്‍ നിലവിളിക്കുകയും തടയാന്‍ ശ്രമിക്കുകയും പിന്നീട് ബോധരഹിതയായി വീഴുകയും ചെയ്തു. അക്രമി ടാക്സി ഡ്രൈവറാണ്. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് സൗദി ഉദ്യോഗസ്ഥര്‍ പറയുന്നു.
‘ആരോപണം ഇങ്ങനെ
എന്നാല്‍ കൊലപാതകം മനപ്പൂര്‍വം ചെയ്തതാണെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. കുട്ടി ഷിയാ വിഭാഗത്തില്‍പ്പെട്ടതാണ് കൊലപാതകത്തിന് കാരണമായതെന്നും അവര്‍ പറയുന്നു. മദീനയില്‍ പ്രവാചകന്റെ പള്ളിയില്‍ സന്ദര്‍ശനത്തിന് എത്തിയ കുടുംബത്തോടൊപ്പമുള്ള കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. കാറിലിരുന്ന കുട്ടിയെ ഡ്രൈവര്‍ ബലം പ്രയോഗിച്ച് ഇറക്കി ഒരു കോഫി ഷോപ്പിന് അടുത്തെത്തിക്കുകയും അവിടെ വച്ച് കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗ്ലാസ് ബോട്ടില്‍ കൊണ്ടു കുട്ടിയുടെ തലയ്ക്കടിക്കുകയായിരുന്നു. ശേഷമാണ് കുത്തുകയും തൊണ്ടയില്‍ മുറിവുണ്ടാക്കുകയും ചെയ്തത്.അക്രമിയെ തടയാന്‍ മാതാവ് ശ്രമിച്ചെങ്കിലും അവര്‍ ബോധരഹിതയായി വീണു. ഒരു പോലീസുകാരനും അക്രമിയെ തടയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. പിന്നീട് കൂടുതല്‍ പോലീസുകാര്‍ സംഭവസ്ഥലത്തെത്തി. കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഷിയാ റൈറ്റ്സ് വാച്ച് ആണ് പുറത്തുവിട്ടത്.
Post Your Comments