ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റശേഷം ആദ്യമായി പ്രിയങ്ക ഗാന്ധി വദ്ര ഇന്നു യുപിയില്‍ പ്രചാരണത്തിനിറങ്ങും. കോണ്‍ഗ്രസ് പ്രസിഡന്റും സഹോദരനുമായ രാഹുല്‍ ഗാന്ധിയും പശ്ചിമ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയും പ്രിയങ്കയോടൊപ്പം ഉണ്ടാകും. രാഹുലിന്റെയും പ്രിയങ്കയുടെയും വരവ് ഗംഭീരമാക്കാന്‍ റോഡുകളെല്ലാം കൂറ്റന്‍ ബോര്‍ഡുകളും കൊടിതോരണങ്ങളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
രാഹുലും പ്രിയങ്കയും ചേര്‍ന്നു പന്ത്രണ്ടു കിലോമീറ്റര്‍ റോഡ് ഷോ നടത്തിയാണു യുപി പിടിക്കാനുള്ള പുതിയ തേരോട്ടത്തിനു ശക്തി പകരുക. ലക്‌നൗവിലെ പിസിസി ആസ്ഥാനത്തെത്തുന്ന മൂന്നു നേതാക്കളും ഹസ്രത്ഗഞ്ചില്‍ മഹാത്മാഗാന്ധിയുടെയും ഡോ. ബി.ആര്‍. അംബേദ്കറുടെയും സര്‍ദാര്‍ പട്ടേലിന്റെയും പ്രതിമകളില്‍ ഹാരാര്‍പ്പണം ചെയ്ത് ആദരവ് പ്രകടിപ്പിച്ചാണ് പ്രചാരണ പരിപാടികള്‍ക്കു തുടക്കം കുറിക്കുക. രാത്രിയോടെ രാഹുല്‍ ഡല്‍ഹിക്കു മടങ്ങും.
പ്രിയങ്കയും ജ്യോതിരാദിത്യയും വ്യാഴാഴ്ച വരെ യുപിയിലെ പ്രചാരണ പരിപാടികള്‍ തുടരും. ലക്‌നൗവിലെ യുപിസിസി ആസ്ഥാനത്ത് തയാറാക്കിയ നവീകരിച്ച മീഡിയ ഹാള്‍ പ്രിയങ്ക ഉദ്ഘാടനം ചെയ്യും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ സംബന്ധിച്ച് വിവിധ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളുമായി രാഹുലും പ്രിയങ്കയും ജ്യോതിരാദിത്യയും ചര്‍ച്ച നടത്തും.
Post Your Comments