പാലക്കാട്: പാലക്കാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിയുന്നു. പാലക്കാട് മാത്തൂരിനടുത്ത് ചുങ്കമന്ദത്ത് വീട്ടമ്മയെ കൊന്ന് ചാക്കില്‍ക്കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ നടുക്കം ഇപ്പോഴും മാറിയിട്ടില്ല. മാത്തൂര്‍ സ്വദേശിയും നാട്ടില്‍ അറിയപ്പെടുന്ന സിപിഎം നേതാവായിരുന്ന സഹദേവന്റെ ഭാര്യയുമായ ഓമനയുടെ മൃതദേഹമാണ് ഇന്നലെ പുലര്‍ച്ചെ സമീപത്തെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. പ്രതികളിലൊരാളായ ഷൈജുവിന്റെ വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. കൃത്യം നടത്തിയതിന് ശേഷം ഓമനയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണം വില്‍ക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് കടയുടമയും നാട്ടുകാരും സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. ഓമന ഉപയോഗിക്കുന്ന കുട അറസ്റ്റിലായ പ്രതി ഷൈജുവിന്റെ വീടിനു മുന്നില്‍നിന്നു കണ്ടെത്തിയതോടെയാണ് സംശയം ഷൈജുവിന് നേര്‍ക്ക് തിരിഞ്ഞത്. ഷൈജുവിന്റെ വീട് ആദ്യം പരിശോധിച്ചപ്പോള്‍ ഒന്നും കണ്ടെത്താനായിരുന്നില്ല. എന്നാല്‍ പിന്നീട് നടന്ന വിശദമായ പരിശോധനയിലാണ് കട്ടിലിനടിയില്‍ ചാക്കില്‍കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നാണ് മുഖ്യപ്രതികളായ ഷൈജുവിനെയും വിജീഷിനെയും കസ്റ്റഡിയിലെടുത്തത്.
ഒറ്റയ്ക്ക് താമസിക്കുന്ന ഓമനയെ ശനിയാഴ്ച ഉച്ചയ്ക്കു ശേഷം കാണാതായതോടെ ബന്ധുക്കളും നാട്ടുകാരും വീട്ടില്‍ നിന്ന് ഒരു കിലോമീറ്ററോളം അകലെയുള്ള പാടത്തും സമീപത്തെ പറമ്പുകളിലും തിരച്ചില്‍ നടത്തിയിരുന്നു. ശനിയാഴ്ച വൈകീട്ട് ഓമനയുടെ ഫോണില്‍ ബന്ധപ്പെട്ട മരുമകന്‍ ചന്ദ്രനോട് ഫോണെടുത്തയാള്‍ കയര്‍ത്ത് സംസാരിച്ചിരുന്നു. ഇത് ബന്ധുക്കളില്‍ സംശയമുണര്‍ത്തി. ഞായറാഴ്ച രാവിലെ അന്വേഷണത്തിനിടെ ഓമനയുടെ കൊച്ചുമകന്‍ അഭിലാഷിന് ഷൈജുവിന്റെ വീട്ടിനു മുന്നിലെ വെള്ളച്ചാലില്‍ നിന്ന് ഓമനയുടെ കുട ലഭിച്ചു. ഇതിനിടെ ചുങ്കമന്ദത്തെ തുണിക്കടയില്‍ രണ്ട് യുവാക്കള്‍ തുണിവാങ്ങാനെത്തിയ ശേഷം പണത്തിനു പകരം സ്വര്‍ണ വള കൊടുക്കാന്‍ ശ്രമിച്ചതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ കടയുടമ പോലീസിന് കൈമാറി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പോലീസും നാട്ടുകാരും ബന്ധുവിന്റെ കല്യാണവീട്ടിലായിരുന്ന ഷൈജുവിനെ പിടികൂടി. വീട്ടമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ അഴിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ മര്‍ദിച്ചതായും ബോധം നഷ്ടപ്പെട്ടപ്പോള്‍ കെട്ടി ചാക്കിലാക്കിയതായും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
ആലത്തൂര്‍ ഡിവൈഎസ്പി പി.എ. കൃഷ്ണദാസ്, കുഴല്‍മന്ദം ഇന്‍സ്‌പെക്ടര്‍ എ.എം. സിദിഖ്, എസ്‌ഐ അനൂപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. അതേസമയം, മൃതദേഹം കണ്ടെത്തിയ വീടിന് പിന്നിലുള്ള സെപ്റ്റിക് ടാങ്കിന്റെ മുകളിലുള്ള മണ്ണും മറ്റും നീക്കിയിട്ടുണ്ട്. ഇത് മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളാനാണെന്ന് പൊലീസ് സംശയിക്കുന്നു. പ്രതികളുടെ വീട്ടില്‍നിന്ന് അര കിലോമീറ്റര്‍ അകലെയാണ് ഓമനയുടെ ഉടമസ്ഥതയിലുള്ള നെല്‍പാടം. രാവിലെയും വൈകിട്ടും ഇവര്‍ പാടത്തെത്തും. ഓമന ശനിയാഴ്ച വൈകിട്ട് ആശുപത്രിയിലെത്തി ആരോഗ്യ പരിശോധന നടത്തിയ ശേഷമാണു പാടത്തേക്കിറങ്ങിയത്. പ്രതികളുടെ വീടിനപ്പുറം മറ്റു വീടുകളില്ല. ഇവിടെ വച്ചാകാം കൊലപാതകം നടത്തിയതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹം തോട്ടില്‍ തള്ളാനും പ്രതികള്‍ ആലോചിച്ചിരുന്നതിന്റെ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഷൈജുവിന്റെ ബന്ധുവും അയല്‍വാസിയുമായ വിജീഷ് (27), സുഹൃത്ത് കിഴക്കേത്തറ സ്വദേശി ഗിരീഷ് (27) എന്നിവരാണ് കസ്റ്റഡിയിലുള്ളത്. സംഭവത്തില്‍ ബന്ധമുണ്ടെന്ന് കരുതുന്ന ഒരാളെക്കൂടി പോലീസ് തിരയുന്നതായി അറിയുന്നു. ഇതില്‍ വിജീഷിനെ കളപ്പാറയിലുള്ള കോഴിക്കടയ്ക്ക് സമീപത്തുനിന്ന് നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. പോലീസിന് കൈമാറുന്നതിനുമുമ്പ് നാട്ടുകാരുമായുണ്ടായ പിടിവലിക്കിടെ ഇയാള്‍ക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു. ഇയാള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
Post Your Comments