ന്യൂഡല്‍ഹി: സംസ്ഥാനത്തിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഡല്‍ഹിയില്‍ ഇന്ന് നിരാഹാര സമരം നടത്തും. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ ആന്ധ്ര ഭവനിലാണ് നായിഡു നിരാഹാര സമരം നടത്തുക. 2014ലെ ആന്ധ്രപ്രദേശ് പുനഃസംഘടന നിയമമനുസരിച്ച് കേന്ദ്രം നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്താന്‍ പോകുന്നത്. ആളുകളെ ഡല്‍ഹിയിലേക്കു കൊണ്ടുപോകുന്നതിനായി രണ്ട് സ്പെഷല്‍ ട്രെയിനുകള്‍ ആണ് ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ ബുക്ക് ചെയ്തത്.
20 കന്പാര്ട്ടുമെന്റുകളുള്ള രണ്ടു ട്രെയിനുകളാണ് സൗത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍നിന്നു സര്‍ക്കാര്‍ വാടകയ്ക്കെടുത്തതെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു.ആന്ധ്രയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, പ്രവര്‍ത്തകര്‍, എന്‍ജിഒ സംഘടനകള്‍ എന്നിവര്‍ക്കായി അനന്തപുര്‍, ശ്രീകാകുളം എന്നിവടങ്ങളില്‍ നിന്നാണ് ട്രെയിനുകള്‍ ഏര്‍പ്പാടാക്കിയിരിക്കുന്നത്. രണ്ട് ട്രെയിനുകളും ഞായറാഴ്ച രാവിലെ പത്തോടെ ഡല്‍ഹിയില്‍ എത്തിച്ചേരും.
സംസ്ഥാനത്തെ മന്ത്രിമാര്‍, എം.എല്‍.എമാര്‍, ടി.ഡി.പി എം.പിമാര്‍ എന്നിവരും മുഖ്യമന്ത്രിയ്ക്ക് പിന്തുണയുമായി ഒപ്പമുണ്ട്. കൂടാതെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മോദിക്കെതിരെ ഫ്ലെക്സുകളും ഉയർന്നിട്ടുണ്ട്.
Post Your Comments