അൽ ഐയ്നിൽ കാമുകനെ കൊലപ്പെടുത്തി പാചകം ചെയ്ത കേസിൽ കാമുകിയെ കുരുക്കിലാക്കി സാക്ഷി മൊഴികൾ. കൊലപാതകം കണ്ടെത്തുന്നതിന് രണ്ടു ദിവസം മുൻപ് യുവതി താമസിക്കുന്ന ഫ്ലാറ്റിൽ പ്രത്യേക ഗന്ധം ഉയർന്നിരുന്നതായി അയൽവാസികൾ മൊഴി നൽകി. കൊലപാതകത്തിന്റെ തെളിവ് നശിപ്പിക്കുന്നതിന് വേണ്ടിയാണ് മൃതദേഹം വെട്ടിമുറിച്ച് പാചകം ചെയ്തത്. 2017 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 37 വയസ്സുള്ള മൊറോക്കൻ യുവതിയാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത്.
യുവതി താമസിക്കുന്ന ഫ്ലാറ്റിന് അടുത്തുള്ള രണ്ട് ഫിലിപ്പീൻ സ്വദേശികളാണ് മൊഴി നൽകിയത്. കേസ് പുറത്താകുന്നതിന് രണ്ടു ദിവസം മുൻപ് ഫ്ലാറ്റിൽ നിന്നും ദുർഗന്ധം ഉണ്ടായിരുന്നുവെന്ന് ഇവർ പറഞ്ഞു. മൊറോക്കൻ യുവതിയുടെ റൂംമേറ്റ് ആണ് രണ്ടാമത് മൊഴി കൊടുത്തത്. ഫ്ലാറ്റിൽ എന്തോ മോശം ഗന്ധം ഉണ്ടായിരുന്നതായി അവർ പറഞ്ഞു. സംഭവം സെക്യൂരിറ്റിയോട് പറഞ്ഞെങ്കിലും മത്സ്യം വാങ്ങിയിട്ടുണ്ടാകാമെന്നാണ് അയാൾ പറഞ്ഞത്.
കാമുകനെ കൊലപ്പെടുത്തണമെന്ന് യുവതിയ്ക്ക് ഉദ്ദേശമില്ലായിരുന്നുവെന്നും സ്വയരക്ഷയ്ക്കു വേണ്ടിയാണ് കൃത്യം ചെയ്തതെന്നും യുവതിയുടെ അഭിഭാഷകൻ വാദിക്കുകയുണ്ടായി. അതേസമയം ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചുവെന്ന് അൽ ഐയ്ൻ പൊലീസ് അധികൃതർ പറഞ്ഞു. മുൻകൂട്ടി തയാറാക്കിയ പദ്ധതി പ്രകാരമായിരുന്നു കൊലപാതകം എന്നാണു പൊലീസ് പറയുന്നത്. ഏഴു വർഷമായുള്ള ബന്ധത്തിനുശേഷം വിവാഹത്തിൽ നിന്നും യുവാവ് പിൻമാറിയതാണ് യുവതിയെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്.
Post Your Comments