കൊല്ലം: കടം കൊടുത്ത പണം തിരികെ വാങ്ങാനെത്തിയ വ്യാപാരി പൊള്ളലേറ്റ് മരിച്ച നിലയില്‍. വീടിന് സമീപം പലചരക്ക് വ്യാപാരം നടത്തിവരുന്ന ചവറ തെക്കുംഭാഗം കോയിവിള വിഷ്ണുഭവനില്‍ (ഇലവുംമൂട്ടില്‍) ഗോപാലകൃഷ്ണന് (54) ഭരണിക്കാവില്‍ വാടകയ്ക്ക് താമസിക്കുന്ന ഷൈലജയുടെ വീട്ടുമുറ്റത്താണ് പൊള്ളലേറ്റ് മരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. ഗോപാലകൃഷ്ണന്റെ ദേഹത്ത് തീ ആളിപടരുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ കെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പൊലീസ് എത്തിയപ്പോഴേക്കും മരിച്ചു. ഗോപാലകൃഷ്ണന് എത്തിയ സ്കൂട്ടറിന്റെ പിന്നിലുണ്ടായിരുന്ന കന്നാസില്‍ നിന്ന് ഡീസലും ലൈറ്ററും കണ്ടെത്തി.
സംഭവസമയം ഷൈലജയും ഭര്‍ത്താവ് അനിയും വീട്ടിലുണ്ടായിരുന്നു. ഷൈലജയ്ക്ക് ഗോപാലകൃഷ്ണന് പത്ത് ലക്ഷം രൂപ വായ്പ നല്‍കിയിരുന്നു. വീട് പുതുക്കി പണിയാന്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന പണമാണ് ഷൈലജയ്ക്ക് നല്‍കിയത്. പലിശ മുടങ്ങിയതോടെ ഇരുവരും തമ്മില്‍ വഴക്കായി.
തര്‍ക്കം കോടതിയില്‍ എത്തുന്ന ഘട്ടംവരെയെത്തി. ഗോപാലകൃഷ്ണനെതിരെ ഷൈലജയും പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ പണം തിരികെ നല്‍കാമെന്ന് പറഞ്ഞ് ഷൈലജ ഫോണ്‍ ചെയ്ത് അറിയിച്ചത് അനുസരിച്ചാണ് ഗോപാലകൃഷ്ണന് ഉച്ചയോടെ ഷൈലജയുടെ വാടക വീട്ടിലെത്തിയത്. ജേഷ്ഠനോട് വിവരം പറഞ്ഞിട്ടാണ് വീട്ടില്‍ നിന്ന് പോയത്. ഷൈലജയുടെ വീട്ടിലെത്തി അധികം വൈകാതെ മുറ്റത്ത് തീകത്തി മരിക്കുകയായിരുന്നു. ഗോപാലകൃഷ്ണന് മര്‍ദ്ദനമേറ്റതായും സംശയിക്കുന്നു.
സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ ഷൈലജയെയും ഭര്‍ത്താവ് അനിയെയും തെക്കുംഭാഗം പൊലീസ് കസ്റ്റഡിയിലെടുത്തു.
Post Your Comments