തിരുവനന്തപുരം : ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ക്ഷേത്ര ഉത്സവത്തിനിടെ ഇടഞ്ഞോടിയ തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രൻ എന്ന ആന രണ്ടുപേരെ ചവിട്ടികൊലപ്പെടുത്തിയ സംഭവത്തിൽ നിരവധിപേർ പ്രതിഷേധമറിയിച്ചു. ഇപ്പോഴിതാ അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ ഹരീഷ് വാസുദേവൻ വിഷയത്തിൽ തന്റെ പ്രതികരണമറിയിച്ചിരിക്കുകയാണ്.
ആന ചവിട്ടയോ കുത്തിയോ കൊല്ലപ്പെടുന്ന ആരോടും ഇപ്പോള്‍ ഒട്ടും സഹതാപമോ അനുതാപമോ തോന്നാറില്ലെന്നും തന്റെ പ്രാര്‍ത്ഥന കുറേ മനുഷ്യര്‍ ആനയുടെ ചവിട്ടുകൊണ്ടു ചാകണേ എന്നാണെന്നും ഈ പീഡനം നിര്‍ത്താന്‍ മറ്റൊരു വഴിയുമില്ലെന്നും അദ്ദേഹം പറയുന്നു. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ആന ചവിട്ടയോ കുത്തയോ കൊല്ലപ്പെടുന്ന ആരോടും ഇപ്പോള്‍ ഒട്ടും സഹതാപമോ അനുതാപമോ തോന്നാറില്ല. ആ വന്യജീവിയെ ക്രൂരമായി ദ്രോഹിച്ചാണ് ഓരോ ഉത്സവത്തിനും പരിപാടിയിലും കൊണ്ടുവരുന്നത് എന്നറിയാത്ത ഒരാളും ഇന്നാട്ടില്‍ ഉണ്ടാവില്ല. സഹികെടുമ്ബോഴൊക്കെ അത് തിരിച്ചടിച്ച വാര്‍ത്തകള്‍ അറിയാത്തവരും ഇല്ല. ദ്രോഹിച്ചു കണ്ണിനു കാഴ്ച പോലും കളഞ്ഞ ആനകളെ മനുഷ്യരുടെ ആനപ്രേമമെന്ന വിലകുറഞ്ഞ പൊങ്ങച്ചത്തിനു വേണ്ടി എഴുന്നള്ളിക്കുന്ന സ്ഥലത്ത് പോയി നില്‍ക്കുന്നത്, എതിര്‍ക്കാതെ അതാസ്വദിക്കുന്നത് തന്നെ ഈ ക്രൂരതയ്ക്കുള്ള ധാര്‍മ്മിക പിന്തുണയാണ്. ബീഹാറില്‍ നന്നോ നോര്‍ത്ത് ഈസ്റ്റില്‍ നന്നോ കൊണ്ടുവരുന്ന ആനയ്ക്ക് സവര്‍ണ്ണ ഹിന്ദു പേരുമിട്ടു സീസണില്‍ ലേലത്തില്‍ വിറ്റു, ക്രൂരമായി പീഡിപ്പിച്ചു, രോഗാവസ്ഥയിലും വെറ്റിനറി ഡോക്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സമ്ബാദിച്ചു കച്ചവടത്തിന് ഇറക്കുന്ന ഈ ദ്രോഹത്തിനു മൗനാനുവാദം നല്‍കുന്ന എല്ലാവര്‍ക്കും ആ ക്രൂരതയില്‍ പങ്കുണ്ട്.
ക്ഷമ നശിക്കുന്ന ഏതോ നിമിഷത്തില്‍ എല്ലാം മറന്നു ആ മിണ്ടാപ്രാണി പ്രതികരിക്കുമ്ബോള്‍ ചിലര്‍ മരിക്കുന്നു. ചിലര്‍ക്ക് സാരമായ പരിക്ക് പറ്റുന്നു. സര്‍ക്കാര്‍, കോടതി, എല്ലാവര്‍ക്കും അവരവരുടേതായ പങ്കുള്ള ഈ ആനദ്രോഹം കോടികളുടെ കച്ചവട മേഖല കൂടിയാണ്. അതുകൊണ്ട് തന്നെ ലക്ഷങ്ങള്‍ ഇറക്കി ഈ സിസ്റ്റത്തെ തന്നെ വിലയ്‌ക്കെടുത്ത് ആണ് ഈ നിയമലംഘനം ആനമുതലാളിമാര്‍ നിലനിര്‍ത്തുന്നത്.
ആനയോട് ചെയ്യുന്ന ദ്രോഹത്തിന്റെ ആയിരത്തില്‍ ഒരംശമേ മനുഷ്യര്‍ക്ക് തിരികെ കിട്ടുന്നുള്ളൂ. ആനയെ ക്രൂരമായി ദ്രോഹിച്ചു പരിശീലിപ്പിച്ചു നാട്ടാനയാക്കി എഴുന്നള്ളിക്കുന്നത് കാണാനും ആസ്വദിക്കാനും പോകുന്ന മനുഷ്യര്‍ ആരായാലും അവര്‍ ആനയുടെ ചവിട്ടുകൊണ്ടു മരിച്ചു എന്നു കേള്‍ക്കുന്നതിന് എനിക്ക് ഇപ്പോള്‍ ക്രൂരമായ ഒരു സന്തോഷമുണ്ട്. അങ്ങേയറ്റം മനുഷ്യത്വ രഹിതമാണെങ്കിലും എന്റെ പ്രാര്‍ത്ഥന ഇനിയും അങ്ങനെ കുറേ കുറേ മനുഷ്യര്‍ ആനയുടെ ചവിട്ടുകൊണ്ടു ചാകണേ എന്നാണ്, അവരെത്ര നിഷ്‌കളങ്കരാണെങ്കിലും..
ആ മിണ്ടാപ്രാണിയെ ക്രൂരമായി ദ്രോഹിക്കുന്നത് നിര്‍ത്താന്‍ മറ്റൊരു വഴിയും ഞാന്‍ കാണുന്നില്ല.
https://www.facebook.com/harish.vasudevan.18/posts/10157033604472640
Post Your Comments