തിരുവനന്തപുരം: ഗുരുവായൂരില്‍ ക്ഷേത്രപൂരത്തിനിടെ ഇടഞ്ഞോടിയ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്‍ ആന രണ്ട് പേരെ ചവിട്ടി കൊന്നിരുന്നു. ആചാരങ്ങളുടെ പേര് പറഞ്ഞ് മിണ്ടാപ്രാണികളെ ദ്രോഹിക്കുന്ന പരിപാടി നിറുത്തണമെന്നാണ് ഒരുവിഭാഗത്തിന്റെ ആവശ്യം. ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി എസ്. ശാരദക്കുട്ടി. വിഷയത്തെ പ്രതിപാദിച്ച് ശാരദക്കുട്ടി എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്.
ഫേസ്‍ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
തെച്ചിക്കോട്ടു രാമചന്ദ്രന്റെ കണ്ണു മനുഷ്യന്‍ കുത്തിപ്പൊട്ടിച്ചതല്ലേ? അതിനൊരു വശം കാഴ്ചയില്ലാതെയായിട്ടും അതിനെ വിറ്റു കാശാക്കിയവരല്ലേ രണ്ടു കണ്ണും കാഴ്ച നഷ്ടപ്പെട്ട നമ്മള്‍? ഉറുമ്ബിന്റെ പ്രാക്ക് പോലും ഫലിക്കും, അതിനെ നോവിക്കരുത് എന്നതൊക്കെ പാലിക്കപ്പെടേണ്ട പല കുലാചാര പ്രമാണങ്ങളിലൊന്നാണ്.
ആനക്കറിയില്ല നിങ്ങളുടെ ആന പ്രാന്തും ആട്ടപ്രാന്തും ആഘോഷ പ്രാന്തും. ഒരു ശരീരമുണ്ടായിരിക്കയാല്‍ അതിനു നോവും. നൊന്താല്‍ അതു തിരികെ നോവിക്കും. കൊമ്ബു കൂര്‍ത്തതും കാല്‍ ബലമുള്ളതുമായ തിനാല്‍ ചെറുതായും മൃദുവായും ഇക്കിളിയിട്ടും നോവിക്കാനതിനാവില്ല. ഒറ്റച്ചവിട്ടില്‍ ഏതാനപ്രേമിയുടെയും ആഢ്യന്റെയും ചങ്കും കുടല്‍മാലയും പുറത്തു വരും.
ആനയെ എഴുന്നള്ളിക്കുന്ന ഒരുത്സവത്തിനും നയാ പൈസ പിരിവു കൊടുക്കില്ല എന്നതാണ് എനിക്കു ചെയ്യാവുന്ന ഒരു കാര്യം. ആ വഴിക്കു പോവുകയുമില്ല. എപ്പോഴും നിറഞ്ഞൊഴുകുന്നതു പോലെ യുള്ള ചിമ്മുന്ന കുഞ്ഞു കണ്ണുകളും, മാറി മാറിച്ചവിട്ടുന്ന വ്രണങ്ങളേറ്റു പഴുത്ത കാലുകളും കാണാന്‍ വയ്യ.
സര്‍ക്കാരിനോ കോടതിക്കോ ഭരണഘടനക്കോ ഇതില്‍ ഒന്നും ചെയ്യാനാവില്ലേ?
( ക്രിസ്ത്യാനി, മുസ്ലീം ആചാരങ്ങളോടൊന്നും അമ്മച്ചിക്കു പറയാനില്ലേ എന്നു ചോദിച്ചു വരണ്ട. ഞാന്‍ ഹിന്ദുവാണ്. എനിക്ക് ഹിന്ദുക്കളോടാണിഷ്ടം. ഹിന്ദുമതം നന്നായാല്‍ മതി. ഹിന്ദുക്കള്‍ ആന ചവിട്ടിച്ചാകരുത്. എന്തേ… പ്രശ്നമുണ്ടോ?)
എസ്.ശാരദക്കുട്ടി
Post Your Comments