തിരുവനന്തപുരം•ആരോഗ്യരംഗത്ത് കേരളം മത്സരിക്കുന്നത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളോടല്ല വികസിത രാഷ്ട്രങ്ങളോടാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ദന്തൽ കോളേജ് വിഭാഗത്തിന്റെ വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
നിപ രോഗത്തെ പ്രതിരോധിച്ചതിൽ കേരളം ലോകത്തിന് മാതൃകയായി. ലോകാരോഗ്യ സംഘടനയുടെ പ്രത്യേക അഭിനന്ദനത്തിന് പാത്രമായി. പുരുഷനേക്കാൾ ആയുർദൈർഘ്യം സ്ത്രീകൾക്ക് ഏറ്റവും കൂടുതലുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്. പൊതുജനാരോഗ്യത്തിന് ഊന്നൽ നൽകുന്ന ആരോഗ്യനയം ആർദ്രം പദ്ധതി രൂപീകരിക്കാൻ കഴിഞ്ഞതാണ് ഈ മാറ്റത്തിന് കാരണം. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി. ഡോക്ടർമാരെ കൂടുതലായി നിയമിച്ചു. അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തി. താലൂക്കാശുപത്രികളുടെ പ്രവർത്തനം വിപുലമാക്കി. പഞ്ചനക്ഷത്ര ആശുപത്രികളെ വെല്ലുന്ന തരത്തിലുള്ളതാണ് ഇന്നത്തെ നമ്മുടെ മെഡിക്കൽ കോളേജ് സൗകര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.എസ്. സിന്ധു അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, ദന്തൽ മെഡിക്കൽ വിഭാഗം ഡോക്ടർമാർ, മെഡിക്കൽ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
Post Your Comments