തിരുവനന്തപുരം: തൃശൂര്‍ കുന്നംകുളം എരുമപ്പെട്ടി സാമൂഹ്യാരോഗ്യ കേന്ദ്രം, കോഴിക്കോട് വടകര ഓര്‍ക്കാട്ടേരി സാമൂഹ്യാരോഗ്യ കേന്ദ്രം, കോഴിക്കോട് കൊടുവള്ളി താമരശേരി താലൂക്ക് ആശുപത്രി എന്നിവയുടെ സമഗ്ര വികസനത്തിനായി നബാര്‍ഡിന്റെ സഹായത്തോടെ 25.39 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഓര്‍ക്കാട്ടേരി സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് 5.47 കോടി രൂപയും താമരശേരി താലൂക്ക് ആശുപത്രിയ്ക്ക് 12.72 കോടി രൂപയും എരുമപ്പെട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തിന് 7.20 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. സാങ്കേതികാനുമതിയ്ക്കും ടെണ്ടറിനും ശേഷം എത്രയും വേഗം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
1927ല്‍ ചെറിയൊരു പ്രാഥമികാരോഗ്യ കേന്ദ്രമായി തുടങ്ങിയ ആശുപത്രിയാണ് വികസിച്ച് താമരശേരി ഗവ. താലൂക്കാശുപത്രിയായി മാറിയത്. ആയിരത്തോളം രോഗികള്‍ ദൈനംദിനം ചികിത്സ തേടിയെത്തുന്ന ഈ ആശുപത്രിയിലെ അടിസ്ഥാന സൗകര്യം വികസിപ്പിച്ച് മികച്ച ചികിത്സാ സേവനം ലഭ്യമാക്കുന്നതിനായാണ് തുക അനുവദിച്ചത്. ക്യാഷ്വാലിറ്റി ബ്ലോക്ക് വിപുലീകരണം, മെറ്റേണിറ്റി ബ്ലോക്ക് വിപുലീകരണം, മുന്‍വശത്തെ ലാന്‍സ്‌കേപ്പ്, പാര്‍ക്കിംഗ്, റോഡ് നവീകരണം എന്നിവയ്ക്കാണ് തുക വിനിയോഗിക്കുക.
ഓര്‍ക്കാട്ടേരി സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിട നിര്‍മ്മാണത്തിനായാണ് തുക അനുവദിക്കുന്നത്. മികച്ച സൗകര്യങ്ങളോടു കൂടിയ മൂന്ന് നില കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. തറനിരപ്പില്‍ പരിശോധനാ മുറി, ഓപ്പറേഷന്‍ തീയറ്റര്‍, ലേബര്‍ റൂം, ഒന്നാമത്തെ നിലയില്‍ ജനറല്‍ വാര്‍ഡ്, ഡോക്ടര്‍ റൂം, ലബോറട്ടറി, രണ്ടാമത്തെ നിലയില്‍ ഹെഡ് റൂം, ഓപ്പണ്‍ ടെറസ് എന്നിവയാണുണ്ടാകുക.
എരുമപ്പെട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിട നിര്‍മ്മാണത്തിനായാണ് തുക അനുവദിച്ചിരിക്കുന്നത്. സ്ഥലപരിമിതി മൂലം ഏറെ ബുദ്ധിമുട്ടുന്ന ഈ കേന്ദ്രത്തിന് ആശ്വാസമാണ് പുതിയ കെട്ടിടം. രോഗീ സൗഹൃദമായ അന്തരീക്ഷത്തില്‍ മികച്ച സൗകര്യമൊരുക്കാന്‍ ഇതിലൂടെ സാധിക്കും.
Post Your Comments