മറയൂര്‍: കഴിഞ്ഞ ആറു ദിവസമായി കേരള അതിര്‍ത്തിയിലെ അമരാവതിയില്‍ നിലയുറപ്പിച്ചിരിക്കുന്ന ചിന്നത്തമ്പി എന്ന കാട്ടാനയെ എന്തു ചെയ്യണമെന്നറിയാതെ വനം വകുപ്പ്. ചിന്നത്തമ്പിയെ പിടികൂടി കുങ്കി ആനയാക്കുവാനുള്ള നിര്‍ദേശം ഹൈക്കോടതിയില്‍ ചോദ്യം ചെയ്തതിനാല്‍ നടപ്പാക്കാന്‍ വനം വകുപ്പിന് കഴിഞ്ഞില്ല. കുങ്കി ആനകളുമായി ചിന്നത്തമ്പി നല്ല സൗഹൃദത്തിലാവുകയും ചെയ്തു.
കുങ്കി ആനകള്‍ക്കും ആയുധധാരികളായ നൂറിലധികം വനപാലകര്‍ക്കും വഴങ്ങാന്‍ ചിന്നത്തമ്പി കൂട്ടാക്കുന്നില്ല. അതേസമയം, ഗ്രാമവാസികള്‍ക്ക് ഭീതി ഉയര്ത്തുന്നുമില്ല. എന്നാല്‍ ഇപ്പോള്‍ ചിന്നത്തമ്പി ക്ഷീണതനാണ്. വര്‍ഷങ്ങളായി ഗ്രാമസാഹചര്യങ്ങളില് കഴിഞ്ഞുവന്നിരുന്ന ചിന്നത്തമ്പി ഉള്‍ക്കാട്ടിലേക്ക് പോകുന്നതിന് മടി കാണിക്കുന്നതാണ് പ്രശ്നം. കോയമ്പത്തൂരിനടുത്ത് ചിന്ന തടാകം ഭാഗത്തുനിന്ന് ഉണ്ടായ പരാതിയുടെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് ആനയെ പിടികൂടിയത്. വനാതിര്‍ത്തിയില്‍ പാറമട നടത്തുന്നവരും വന്‍കിട കര്‍ഷകരുമായിരുന്നു പരാതി നല്‍കിയിരുന്നത്. ദിവസങ്ങളുടെ നിരീക്ഷണത്തിനുശേഷമാണ് ചിന്നത്തമ്പിയെ ചിന്നതടാകം ഭാഗത്തുനിന്ന് കുങ്കി ആനകളുടെ സഹായത്തോടെ പിടികൂടിയത്. മയക്കുമരുന്ന് കുത്തിവെച്ച് ലോറിയില്‍ കയറ്റി ടോപ്പ് സ്ളിപ്പിലെ വനമേഖലയില്‍ ഇറക്കി വിടുകയായിരുന്നു.
കൂടെയുണ്ടായിരുന്ന പിടിയാനയെയും കുഞ്ഞിനെയും കുങ്കിആനകളുടെ സഹായത്തോടെ വിരട്ടി ഓടിച്ചിട്ടാണ് ചിന്നത്തമ്പിയെ പിടികൂടിയതത്. എന്നാല്‍ രണ്ടു ദിവസത്തിനുള്ളില്‍ നൂറിലധികം കിലോമീറ്ററുകള്‍ താണ്ടി ചിന്നത്തമ്പി അമരാവതിയിലെത്തി. കാടുകയറാതെ പിടിയാനയെയും കുഞ്ഞിനെയും തിരക്കിയാണ് ചിന്നത്തമ്പി അലയുന്നതെന്ന് മൃഗസ്നേഹികള്‍ പറയുന്നു.
പിടികൂടുന്ന സമയത്ത് ചിന്നത്തമ്പിയുടെ ശരീരത്തില്‍ ഒട്ടേറെ ഭാഗങ്ങളില്‍ മുറിവേറ്റിരുന്നു.വിശപ്പിനാവശ്യമായ തീറ്റമാത്രം തേടുന്ന ചിന്നത്തമ്പി മറ്റ് ഉപദ്രവങ്ങള്‍ ഒന്നും ചെയ്തിട്ടുമില്ല. ഹൈക്കോടതി ഫെബ്രുവരി 11-ന് കേസ് പരിഗണനയ്ക്ക് എടുക്കുംവരെ ചിന്നത്തമ്പിയെ പിടിക്കേണ്ടെന്ന നിലപാടിലാണ് വനം വകുപ്പ്.
Post Your Comments