Latest NewsKeralaIndia

കുഞ്ഞനന്തന് പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍; സ്വന്തം രാഷ്ട്രീയം ഇവിടെ എടുക്കേണ്ടെന്ന് കോടതിയുടെ ശാസന

ശരീരത്തിലെ ഒരു ഭാഗം പോലും അസുഖമില്ലാത്തതില്ലെന്നായിരുന്നു കുഞ്ഞനന്തന്‍ കോടതിയെ അറിയിച്ചത്.

കൊച്ചി: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായ പി.കെ. കുഞ്ഞനന്തന്റെ പരോൾ വിഷയത്തിൽ സർക്കാർ അഭിഭാഷകന് കോടതിയുടെ ശാസന. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ചികില്‍സയ്ക്കായി ശിക്ഷ മരവിപ്പിക്കണം എന്നാവശ്യപ്പെട്ടുള്ള പി.കെ.കുഞ്ഞനന്തന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. എന്നാൽ കുഞ്ഞനന്തന്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തതിനെ ന്യായീകരിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ശ്രമം നടത്തിയതാണ് കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയത്.

സ്വന്തം രാഷ്ട്രീയം കോടതിയില്‍ എടുക്കേണ്ടെന്നു ജഡ്ജി പറഞ്ഞു.പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ എന്താണു തെറ്റ് എന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ ചോദ്യം. സര്‍ക്കാരും തിരഞ്ഞെടുപ്പു കമ്മിഷനും അംഗീകരിച്ച പാര്‍ട്ടിയല്ലേ സിപിഎം എന്നും സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ രാഷ്ട്രീയം പറയുകയാണെന്നുമായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ പ്രതികരണം. ഇതോടെയാണ് ഹൈക്കോടതി സര്‍ക്കാര്‍ അഭിഭാഷകനെ ശാസിച്ചത്. എന്നാല്‍ ശരീരത്തിലെ ഒരു ഭാഗം പോലും അസുഖമില്ലാത്തതില്ലെന്നായിരുന്നു കുഞ്ഞനന്തന്‍ കോടതിയെ അറിയിച്ചത്.

സംസ്ഥാനത്ത് ഏറ്റവും മികച്ച ചികില്‍സ ലഭിക്കുന്നത് മെഡിക്കല്‍ കോളജുകളില്ലേ എന്നായിരുന്നു ഇതിനുള്ള കോടതിയുടെ മറുപടി. ജയിലില്‍ ശരിയായ ചികിത്സ ലഭിക്കില്ലെന്നും കുറ്റവാളികള്‍ക്ക് മെഡിക്കല്‍ കോളജില്‍ നിന്ന് എന്ത് ചികിത്സയാണ് ലഭിക്കുന്നതെന്നായിരുന്നു കുഞ്ഞനന്തന്റെ നിലപാട്. ചികില്‍സയല്ല കുഞ്ഞനന്തന്റെ ലക്ഷ്യമെന്നും പരോള്‍ നേടി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയാണു ചെയ്യുന്നതെന്നും ടിപി വധക്കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.

മുഖ്യമന്ത്രി സഭയില്‍ അറിയിച്ച കണക്കുപ്രകാരം ഈ സര്‍ക്കാരിന്റെ കാലത്ത് 20 മാസത്തിനുള്ളില്‍ പി.കെ. കുഞ്ഞനന്തനു 15 തവണയായി 193 ദിവസം പരോള്‍ അനുവദിച്ചതായും വ്യക്തമാക്കിയിരുന്നു. കേസ് വരുന്ന ബുധനാഴ്ച പരിഗണിക്കുന്നതിനു മാറ്റിവച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button