![](/wp-content/uploads/2018/12/mullapalli-ramachandran-photo-p-abhijith.jpg)
തിരുവനന്തപുരം: കെപിസിസിയുടെ ഖജനാവ് കാലിയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്. കൈവശം നിത്യച്ചെലവിനുള്ള പണം പോലുമില്ലെന്നും അതിനാല്‍ പ്രവര്‍ത്തകര്‍ ഫണ്ട് പിരിച്ചു നല്‍കണമെന്നുമാണ് കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടത്. ബൂത്ത് കമ്മിറ്റികള്‍ 12,000 രൂപ വീതം പിരിച്ചു നല്‍കണമെന്നാണ് നിര്‍ദേശം. ജനമഹായാത്രയ്ക്ക് ഈ പണം നല്‍കാത്ത കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലെ പത്ത് മണ്ഡലം കമ്മിറ്റികള്‍ കെപിസിസി പിരിച്ചു വിട്ടിരുന്നു. കെപിസിസി പ്രസിഡന്റ് നേരിട്ട് ഇടപെട്ട് കമ്മിറ്റികളെ പിരിച്ചുവിട്ട നടപടി വിവാദത്തിലേക്ക് നീങ്ങുകയാണ്.
അതേസമയം നിരന്തരം നടക്കുന്ന പാര്‍ട്ടി പരിപാടികള്‍ കാരണം ജനങ്ങളുടെ അടുത്തേക്ക് എന്നും ഫണ്ടിനു വേണ്ടി ചെല്ലാനാകില്ലെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനായി പണം കണ്ടെത്തേണ്ടതുണ്ട്. അതുകൊണ്ട് ഇപ്പോള്‍ ഇത്രയും വലിയ തുക കണ്ടെത്തുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. വി.എം.സുധീരന്റെ കാലത്തും കെപിസിസിക്ക് ഫണ്ടില്ലാത്ത അവസ്ഥയുണ്ടായിരുന്നു. പിന്നീട് എം.എം.ഹസന്റെ കാലത്ത് നടത്തിയ ജനമോചനയാത്രയില്‍ 16 കോടി രൂപ സമാഹരിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സമാഹരിച്ച ഈ തുകയില്‍ ചെലവിനു ശേഷമുള്ള 12 കോടി രൂപ കെപിസിസിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നു.
സെപ്റ്റംബറില്‍ മുല്ലപ്പള്ളിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അധികാരത്തില്‍ എത്തി. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ 12 കോടി അപ്രത്യക്ഷമായത് എങ്ങനെയെന്നും പ്രവര്‍ത്തകര്‍ ചോദിക്കുന്നു. ഏകപക്ഷീയമായി മണ്ഡലം കമ്മിറ്റികള്‍ പിരിച്ചുവിട്ട നടപടിയില്‍ പ്രതിഷേധം ഉയര്‍ന്നതോടെ പിരിച്ചു വിട്ടിട്ടില്ലെന്നും പണം പിരിച്ചു നല്കാന് സമയം നല്‍കുക മാത്രമാണ് ചെയ്തതെന്നും മുല്ലപ്പള്ളി വിശദീകരിക്കുന്നു. ഇതോടെ ജനമാഹായാത്രയും വിവാദത്തിലായിരിക്കുകയാണ്.
Post Your Comments