വനിതാ മതിലിന് പിന്നാലെ സര്‍ക്കാര്‍ വക ആനമതില്‍ വരുന്നു. മറയൂര്‍ മേഖലയില്‍ ഒരു കോടി നാല്‍പ്പത്തിനാല് ലക്ഷം രൂപ ചിലവഴിച്ചാണ് ആന മതില്‍ നിര്‍മ്മിക്കുന്നത്. വനിതാമതില്‍പോലെ നവോത്ഥാനമൊന്നുമല്ല ആനമതില്‍ വഴി ലക്ഷ്യമിടുന്നത്. ഇവിടെ കാലങ്ങളായി നിലനില്‍ക്കുന്ന കാട്ടാനകളില്‍ നിന്ന് നാട്ടുകാര്‍ക്ക് സംരക്ഷണം നല്‍കാനായാണ് ഇത്തരത്തിലൊരു മതില്‍ നിര്‍മാണം.
മറയൂര്‍ പൊതുശ്മശാനം മുതല്‍ പാമ്പാര്‍ വരെയാണ് മതില്‍ നിര്‍മ്മിക്കുന്നത്. ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് ജനവാസ മേഖലയിലേക്ക് വന്യ ജീവികള്‍ കടക്കുന്ന പ്രധാന കവാടമാണിത്. ഇന്ദ്രനഗര്‍ ആദിവാസി പുനരധിവാസ കോളനിയിലും സമീപ പ്രദേശങ്ങളിലും മുന്‍വര്‍ഷങ്ങളില്‍ കാട്ടാന കൂട്ടമിറങ്ങി വന്‍ നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു.
കാട്ടാനകള്‍ ഈ ഭാഗത്തേക്ക് കടക്കാതിരിക്കുന്നതിന് മുന്‍പ് ട്രഞ്ചുകള്‍ കുഴിച്ചിരുന്നുവെങ്കിലും പാറകെട്ടുകള്‍ ഉള്ള പ്രദേശങ്ങളില്‍ മതിയായ സംരക്ഷണം ഏര്‍പ്പെടുത്തുവാന്‍ കഴിഞ്ഞിരുന്നില്ല. ഈ പ്രശ്‌നങ്ങള്‍ മതില്‍ പണിയുന്നതോടെ ശാശ്വത പരിഹാരമാകും.മറയൂരിലെജനവാസ കേന്ദ്രങ്ങളിലേക്ക് കാട്ടാന കൂട്ടങ്ങള്‍ ഇറങ്ങുന്നത് തടയുന്നതിനുള്ള മതിലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ താമസിയാതെ ആരംഭിക്കുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്
Post Your Comments