KeralaLatest NewsCrime

പീഡനത്തിനിരയായ പെണ്‍കുട്ടി മൊഴിമാറ്റിപ്പറഞ്ഞു; പ്രതിയെ കുരുക്കിയത് ശാസ്ത്രീയ തെളിവിലൂടെ

ആലപ്പുഴ: ലൈംഗിക പീഡനക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മൊഴിമാറ്റി പറഞ്ഞപ്പോള്‍ പ്രതിയെ കുരുക്കാന്‍ കോടതിയെ സഹായിച്ചത് ശാസ്ത്രീയ തെളിവുകള്‍. ആലപ്പുഴ സ്പെഷ്യല്‍ സെഷന്‍സ് ജഡ്ജി എസ്.എച്ച്.പഞ്ചാപകേശനാണ് ശാസ്ത്രീയ തെളിവിലൂടെ തമിഴ്നാട് സ്വദേശിയായ മാരിയപ്പ (മാരി-24)നെ മാതൃകാപരമായി ശിക്ഷിച്ചത്. പത്തുവര്‍ഷം കഠിനതടവും പിഴയുമാണ് ശിക്ഷ.

ബലാത്സംഗത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നു. പിന്നീട്, ഗര്‍ഭച്ഛിദ്രം നടത്തി. വിസ്താരത്തിനിടയില്‍ പെണ്‍കുട്ടി പ്രതിക്കനുകൂലമായി മൊഴിമാറ്റി. എന്നാല്‍, കോടതി ഡി.എന്‍.എ.പരിശോധനയിലൂടെ ഗര്‍ഭത്തിനുത്തരവാദി മാരിയപ്പനാണെന്ന് കണ്ടെത്തി. ഇതിന്റെയടിസ്ഥാനത്തില്‍ പ്രതിക്ക് പത്തുവര്‍ഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയൊടുക്കാനും വിധിച്ചു.

പ്രതിക്ക് മൂന്നുകേസുകളിലായിട്ടാണ് ശിക്ഷവിധിച്ചത്. ബലാത്സംഗം, ഗര്‍ഭിണിയാക്കല്‍, ഗര്‍ഭച്ഛിദ്രം എന്നിവയെല്ലാം ശിക്ഷയ്ക്ക് കാരണങ്ങളായി. മൂന്നുകുറ്റങ്ങളുടെ ശിക്ഷയും ഒരേകാലയളവില്‍ അനുഭവിച്ചാല്‍ മതി. പോക്സോ കേസുകളില്‍ മിക്കവാറും സമ്മര്‍ദത്തെത്തുടര്‍ന്ന് ഇര മൊഴിമാറ്റുന്ന അവസ്ഥ സംഭവിക്കാറുണ്ട്. എന്നാല്‍, ഇത്തരം കേസുകളില്‍ ശാസ്ത്രീയ തെളിവ് കുരുക്കാകുമെന്ന സൂചനയാണ് ഈ കേസ് നല്‍കുന്നതെന്ന് കോടതിയില്‍ ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.സീമ പറഞ്ഞു. ശാസ്ത്രീയതെളിവുകളുടെ മാത്രം അടിസ്ഥാനത്തില്‍ ശിക്ഷവിധിക്കുന്ന സംസ്ഥാനത്തെ ആദ്യ പോക്സോ കേസാണിതെന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button