ഭോപ്പാല്‍: മധ്യപ്രദേശില്‍ വീണ്ടും ഗോഹത്യ വിവാദം. ഗോഹത്യ ആരോപിച്ച് മൂന്നു മുസ്ലിം യുവാക്കള്‍ക്കെതിരേ എന്‍എസ്എ ചുമത്തി കേസെടുത്തതില്‍ വിവാദം കത്തിനില്‍ക്കെ കന്നുകാലികളെ അനധികൃതമായി കടത്തിയെന്നാരോപിച്ച് കേസെടുത്തതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) ആണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം മൂന്നു മുസ്ലീം യുവാക്കള്‍ക്കെതിരെ ഗോഹത്യ ആരോപിച്ച് എന്‍എസ്എ ചുമത്തിയതിന് പിന്നാലെയാണ് പുതിയ കേസ്. മധ്യപ്രദേശിലെ അഗര്‍ മല്വ ജില്ലയിലാണ് കന്നുകാലികളെ അനധികൃതമായി കടത്തിയെന്നാരോപിച്ച് മഹ്ബൂബ് ഖാന്, റൊദുമാള് മാളവ്യ എന്നിവര്‍ക്കെതിരെയാണ് എന്‍എസ്എ ചുമത്തിയത്.
പ്രതികളെ ഉജ്ജെയിന്‍ ജയിലിലേക്ക് അയച്ചതായി പോലിസ് പറഞ്ഞു. 20കാരായ ഇരുവര്‍ക്കുമെതിരേ നേരത്തേയും കാലിക്കടത്തുമായി ബന്ധപ്പെട്ട് കേസുണ്ടെന്ന് പോലിസ് ജില്ലാ സൂപ്രണ്ട് മനോജ് സിംഗ് പറഞ്ഞു. ഇവരുടെ റെക്കോര്‍ഡുകള്‍ പരിശോധിച്ചപ്പോഴാണ് ഇരുവരും സമാനമായ കേസുകളില്‍ പിടിയിലായതായി കണ്ടെത്തിയത്. തുടര്‍ന്ന് ജില്ലാ കലക്ടര്‍ അജയ് ഗുപ്തയും അനുമതി പ്രകാരം എന്‍എസ്എ ചുമത്തുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കന്ദ്വ ജില്ലയില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നു മുസ്ലിം യുവാക്കള്‍ക്കെതിരേ എന്‍എസ്എ ചുമത്തിയതിനെതിരേ പാര്‍ട്ടിക്കകത്തുനിന്ന് ഉള്‍പ്പെടെ ശക്തമായ പ്രതിഷേധം ഉയര്ന്നിരുന്നതിനിടെയാണ് വീണ്ടും വിവാദം ഉടലെടുത്തിരിക്കുന്നത്.
Post Your Comments