കണ്ണൂര്‍: ഒരുമിച്ച് ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന രണ്ടുപേര്‍ വിവാഹിതരായാല്‍ ആര്‍ക്കാണ് ചേതം? വധുവിന് പ്രായം 48 ആണെങ്കിൽ തന്നെ നിങ്ങൾക്കെന്താണ്? ഒരു വിവാഹ ഫോട്ടോ വരുത്തിവെച്ച വിന ഇപ്പോൾ കേസിൽ വരെയെത്തി നിൽക്കുകയാണ് അനൂപ് ജൂബി ദമ്പതികളുടെ ജീവിതത്തിൽ.ഞങ്ങൾ ഒരുമിച്ച് പഠിച്ചവരും ജോലി ചെയ്യുന്നവരുമാണ്. അവളേക്കാൾ രണ്ട് വയസ്സ് കൂടുതലുണ്ട് എനിക്ക്. സോഷ്യൽമീഡിയയിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ സൈബർ സെല്ലിലും മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി കൊടുത്തിട്ടുണ്ട്– രോഷത്തോടെ അനൂപ് പറയുന്നു.
ഇന്ത്യാ മഹാരാജ്യത്ത് വിവാഹം കഴിക്കാൻ സ്ത്രീകൾക്ക് 18 വയസ്സ് തികഞ്ഞാൽ മതി, പുരുഷൻമാർക്ക് 21. അതിൽ കൂടുതൽ ഭാര്യയുടെയും ഭർത്താവിന്റെയും പ്രായം തിരഞ്ഞ് ആരും ബുദ്ധിമുട്ടേണ്ട. വിവാഹത്തിന്റെ എല്ലാ സന്തോഷവും കെടുത്തിക്കളയുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ ഞങ്ങളെക്കുറിച്ചു വ്യാജ പ്രചാരണം നടത്തിയവരെ വെറുതെ വിടുമെന്നു കരുതരുത്. നിയമപരമായി ഏതറ്റം വരെ പോകേണ്ടി വന്നാലും ദുഷ്പ്രചാരണം നടത്തിയവനെ കണ്ടുപിടിക്കും ’–അനൂപും ജൂബിയും പാറയുന്നു.
‘പെണ്ണിന് വയസ് 48.. ചെക്കന് വയസ്സ് 25…. പെണ്ണിന് ആസ്തി 15 കോടി… സ്ത്രീധനം 101 പവന്‍ 50 ലക്ഷം… ബാക്കി പുറകെവരും….’ ഈ തലക്കെട്ടിലാണ് വാട്‌സാപ്പിലും ഫേസ്‌ബുക്കിലും മറ്റും കുപ്രചാരണം. കോളേജിൽ പഠിക്കുമ്പോൾ ആരംഭിച്ച പ്രണയം വിവാഹത്തിലെത്തുകയായിരുന്നു. നാലു വര്‍ഷം മുന്‍പാണ് ഒന്നാം റാങ്കോടെ ജൂബി ടൂറിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയത്. 27 വയസ്സുള്ള ജൂബിയെ കണ്ട് ഇഷ്ടപ്പെട്ട് 29 കാരനായ അനൂപിന്റെ കുടുംബം വിവാഹാലോചനയുമായി എത്തുകയായിരുന്നു. ദുഷ്പ്രചാരണത്തെക്കുറിച്ചു ജൂബി പറയുന്നു.
‘ചെറുപ്പം മുതലേ അല്‍പം തടിച്ച പ്രകൃതമാണ്. വിവാഹത്തിനു സാരി എടുത്തപ്പോള്‍ അല്‍പം കൂടി തടിച്ച പോലെ തോന്നി. ഇതായിരിക്കാം 48 വയസ്സ് എന്നൊക്കെ പറയാന്‍ ആളുകളെ പ്രേരിപ്പിച്ചത്.പക്ഷേ വിവാഹം കഴിഞ്ഞു പുതിയൊരു വീട്ടിലേക്കു പോകുന്ന പെൺകുട്ടിക്ക് അതൊക്കെ എത്രമാത്രം വേദനയുണ്ടാക്കും എന്നു പോലും ഓർക്കാതെ പ്രചരിപ്പിച്ചവർ മനോരോഗികളാണ്. എന്തായാലും ഇതൊന്നും കണ്ട് കരഞ്ഞു തളർന്നിരിക്കാൻതങ്ങളില്ലെന്നു ഇവർ ഉറക്കെ പ്രഖ്യാപിക്കുന്നു. മനോരമയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Post Your Comments