Latest NewsKerala

‘ഞാന്‍ നിങ്ങളേക്കാളും നല്ല അടിപൊളിയായിട്ടാണ് ജീവിക്കുന്നത്’ ; കരുതി കൂട്ടി വിഷമിപ്പിക്കാന്‍ വേണ്ടി ഓരോന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയുമായി ഒരു യുവതി

കരുതി കൂട്ടി വിഷമിപ്പിക്കാന്‍ വേണ്ടി നെഗറ്റീവായിട്ടുള്ള കാര്യങ്ങള്‍ സംസാരിക്കുന്നവർക്ക് മറുപടിയുമായി താര നന്ദിക്കര എന്ന യുവതി. ഒരാളെ കുറേക്കാലത്തിന് ശേഷം കാണുമ്പോൾ തടി കൂടിയല്ലോ, കുറഞ്ഞല്ലോ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ആളുകൾ ചോദിക്കുന്നതെന്നും ഇത്തരം നെഗറ്റീവായിട്ടുള്ള കാര്യങ്ങള്‍ എന്തിനാണ് സംസാരിച്ച്‌ തുടങ്ങുന്നതെന്നും താര ചോദിക്കുന്നു. തനിക്ക് തടി കൂടുതലാണ് എന്ന് തനിക്കറിയാമെന്നും വ്യായാമം ചെയ്താല്‍ അത് കുറയുമെന്നും അറിയാമെന്നും അത് ഇടയ്ക്കിടെ പറയണമെന്നില്ലെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ താര വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ഏഴെട്ടു മാസത്തിനു ശേഷം കണ്ട ഒരടുത്ത ബന്ധുവിന്റെ വായിൽ നിന്ന് ആദ്യം വീണ വാചകം : “നീ പിന്നേം തടിച്ചൂലോടീ!” പ്രായായ ആൾക്കാരല്ലേ, വിവരല്ല്യാത്തോരല്ലേ എന്നൊക്കെ പറയാൻ വരട്ടെ. എന്റെ അതേ പ്രായം ആണ് ഈ ചോദിച്ച ആൾക്ക്. PhD ഒക്കെ ഉണ്ട്. അപ്പോൾ വിദ്യാഭ്യാസത്തിനും കൊറവൊന്നൂല്ല്യ. പിന്നെന്തു കൊണ്ടാണ് ഒരാളെ ഒരുപാട് കാലത്തിനു ശേഷം കാണുമ്പോൾ അയാൾക്ക് സന്തോഷം കൊടുക്കാത്ത ഒരു കാര്യം വെച്ച് സംഭാഷണം തുടങ്ങരുതെന്ന ബോധം മിക്കവർക്കും ഇല്ല്യാത്തത്? “കഴിഞ്ഞ തവണ കണ്ടപ്പോൾ നല്ല മുടിയുണ്ടായിരുന്ന നീ ഇപ്പോൾ പകുതി കഷണ്ടി ആയീലോ” എന്ന് തിരിച്ചു പറയാതിരിക്കാനുള്ള വിവേകം ഉള്ളതു കൊണ്ട് എന്തോ ഒരൊഴുക്കൻ മറുപടി പറഞ്ഞ് ഞാൻ അത് വിട്ടു.

മിക്ക കൂടിക്കാഴ്ചകളിലെയും ‘conversation opener’ ശരീരത്തിനെക്കുറിച്ചുള്ള കമന്റുകൾ ആയിപ്പോകുന്നത് എന്തു കൊണ്ടാണ്? ഇങ്ങനത്തെ കമന്റുകൾ മനുഷ്യനെ down ആക്കുന്നത് കുറച്ചൊന്നുമല്ല. ഈ വക കമന്റുകൾ ഒഴിവാക്കാൻ വേണ്ടി മാത്രം പലരും ബാംഗ്ലൂരിൽ വരുമ്പോഴോ ഞാൻ നാട്ടിൽ ഉണ്ടെന്നറിഞ്ഞ് കാണാമെന്ന് പറയുമ്പോഴോ മറ്റു പല കാരണങ്ങളും പറഞ്ഞ് ഒഴിവാക്കിയിട്ടുണ്ട് (അങ്ങനത്തെ കമന്റുകൾ പറയാൻ സാധ്യതയുള്ള സുഹൃത്തുക്കളെയും പരിചയക്കാരെയും തിരിച്ചറിഞ്ഞ് ബോധപൂർവമുള്ള ഒഴിവാക്കൽ).

ഞാൻ എപ്പോൾ പ്രൊഫൈൽ പിക്ചർ മാറ്റുമ്പോഴും അപ്പോൾ തന്നെ ഫോൺ വിളിച്ച് നിന്റെ ഫോട്ടോസൊക്കെ നന്നാവണത് ഗൗതമിന് നന്നായി ഫോട്ടോ എടുക്കാൻ അറിയുന്നതു കൊണ്ടു മാത്രമാണെന്നും അല്ലാതെ നിന്നെ കാണാൻ നന്നായതു കൊണ്ടല്ല എന്നും ഒരോ തവണയും വിളിച്ചോർമ്മിപ്പിക്കുന്ന ഒരു സുഹൃത്തുണ്ട്. എനിക്ക് വളരെ ഇഷ്ടമുള്ള സുഹൃത്താണെങ്കിൽ കൂടിയും അത് തമാശയാണെന്ന് തെറ്റിദ്ധരിച്ചിട്ടാണ് അവൾ പറയുന്നത് എന്നറിയാമെങ്കിൽ കൂടിയും എനിക്കത് വളരെ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. കഴിഞ്ഞ മാസവും ഇതാവർത്തിച്ചതപ്പോൾ എനിക്കിത് അവളോട് പറയേണ്ടി വന്നു. എന്തെങ്കിലും തമാശ പറഞ്ഞു സംസാരിച്ചു തുടങ്ങണ്ടേ എന്നായിരുന്നു മറുപടി. കേൾക്കുന്നയാൾക്ക് ആസ്വദിക്കാൻ കഴിയാത്ത തമാശകൾ പറയാതിരിക്കാനുള്ള വിവേകം മനുഷ്യർക്ക് ഉണ്ടാവുന്നത് നല്ലതാണ്. അത് conversation starters ആയിട്ടെങ്കിലും ഉപയോഗിക്കാതെ ഇരിക്കുന്നത് നന്നാവും.

ഏത് കല്യാണത്തിനു കാണുമ്പോഴും എന്റെ തടിയെ പറ്റി പറയുന്ന വേറൊരു അടുത്ത ബന്ധുവുണ്ട്. ഞാൻ കഷ്ടപ്പെട്ട് തടി കുറച്ച സമയത്തൊക്കെ ഇവരെ കാണുമ്പോൾ ഇവർ എന്തെങ്കിലും പറയുമോ എന്നറിയാൻ ശ്രദ്ധിക്കാറുണ്ട്. എന്നാൽ അപ്പോൾ സംഭാഷണത്തിലെവിടെയും തടി എന്ന വാക്കു പോലും ഉണ്ടാവാറില്ല.

ഇത്രയും പറഞ്ഞത് എന്നോട് ഫോട്ടോ കാണുമ്പോഴും നേരിട്ടും “അയ്യോ! നല്ലോണം തടിച്ചൂലോ, തടി കുറയ്ക്കാൻ exercise എന്തെങ്കിലും ചെയ്തൂടേ?” തുടങ്ങിയ വകതിരിവില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്ന സുഹൃത്തുക്കളും ബന്ധുക്കളും യാതൊരു പരിചയവും ഇല്ലാത്ത സോഷ്യൽ മീഡിയയിൽ മാത്രം കണ്ടിട്ടുള്ളവരും അറിയാൻ വേണ്ടിയിട്ടാണ്. ഞാൻ എന്നും കണ്ണാടി നോക്കാറുണ്ട്. വലിയ കണ്ണാടിയാണ്. എന്റെ തടി കൂടുന്നത് എനിക്കതിൽ കാണാം. Exercise ചെയ്താൽ തടി കുറയ്ക്കാൻ കഴിയും എന്നും എനിക്കറിയാം. ഈ ചോദിക്കുന്നവരിൽ പലരും ഒരു ദുരുദ്ദേശവുമില്ലാതെ വളരെ casual ആയിട്ടോ തമാശ മട്ടിലോ എന്നോടുള്ള കരുതൽ കൊണ്ടോ (ഈ minority യെ എനിക്ക് അറിയാം) ഇതു ചോദിക്കുന്നത് എന്നറിയാഞ്ഞിട്ടല്ല, വേറൊരാളുടെ ശരീരത്തിനെ പറ്റി കമന്റ് ചെയ്യുന്നത് ഒഴിവാക്കുന്നത് നന്നായിരിക്കും എന്ന് ഓർമിപ്പിക്കാനാണ് ഈ പോസ്റ്റ്‌. കരുതി കൂട്ടി വിഷമിപ്പിക്കാൻ വേണ്ടി ചോദിക്കുന്നവരോട്, “ഞാൻ നിങ്ങളേക്കാളും നല്ല അടിപൊളിയായിട്ടാണ് ജീവിക്കുന്നത്. Deal with it!” ?

Ps. ഈ പറയുന്നവരൊന്നും ഒരിക്കൽ പോലും എന്റെ ആരോഗ്യത്തെപ്പറ്റിയോ വല്ല ആരോഗ്യ പ്രശ്നം കൊണ്ടാണോ തടിക്കുന്നതെന്നോ തടി കൂടിയതു കൊണ്ടെന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടോ എന്നൊന്നും അന്വേഷിക്കാറില്ല എന്നു കൂടി പറയട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button