ഡല്‍ഹി: സ്ത്രീ സുരക്ഷ മുന്‍ നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് പാനിക് ബട്ടണ്‍ അടുത്തയാഴ്ച മുതല്‍ നിലവില്‍ വരും. ഫെബ്രുവരി 19ഓടെ രാജ്യത്ത് നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സര്‍ക്കാര്‍. സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തിയുള്ള പദ്ധതി ഹിമാചല്‍ പ്രദേശിലും നാഗാലാന്റിലും വിജയകരമായി നടപ്പിലാക്കിയ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇത് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാവും. ഓരോ പ്രദേശത്തും നിലവിലുള്ള എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റവുമായി (ഇആര്‍എസ്എസ്) ഈ ബട്ടനെ ബന്ധിപ്പിക്കുന്നതിലൂടെയാണ് ഈ സേവനം ലഭ്യമാകുക.
എമര്‍ജന്‍സി ബട്ടന്‍ അമര്‍ത്തുന്നതോടെ സന്ദേശം ഇവിടെ രജിസ്റ്റര്‍ ചെയ്യപ്പെടും. സാറ്റലൈറ്റ് ജിപിഎസ്സിന്റെ സഹായത്തോടെ അപകടത്തില്‍ പെട്ടയാളുടെ കൃത്യമായ ലൊക്കേഷന്‍ കണ്ടെത്തിയാവും പോലിസ് അടിയന്തര സഹായമെത്തിക്കുക. എന്നാല്‍ ഫെബ്രുരി 19ലെ പ്രഖ്യാപനത്തില്‍ എല്ലാ സംസ്ഥാനങ്ങളും ഉള്‍പ്പെടുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ നേരത്തേ ആരംഭിച്ച സംസ്ഥാനങ്ങളിലാണ് പദ്ധതി ആദ്യം നടപ്പിലാക്കുക. മറ്റ് സംസ്ഥാനങ്ങളിലേക്ക് ക്രമേണ ഇത് വ്യാപിപ്പിക്കും.
ഹിമാചല്‍ പ്രദേശ് മാതൃകയില്‍ പല സംസ്ഥാനങ്ങളും ഇതിനായുള്ള നടപടിക്രമങ്ങള്‍ നേരത്തേ ആരംഭിച്ചിരുന്നു. കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം, ആഭ്യന്തര വകുപ്പ് മന്ത്രാലയം, ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയം എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുക. നിലവിലെ കോമണ്‍ എമര്‍ജന്‍സി നമ്പറായ 112ഉമായി പാനിക്ക് ബട്ടനെ ബന്ധിപ്പിച്ചാണ് ഇത് യാഥാര്‍ഥ്യമാക്കുക.
പോലിസിനു പുറമെ നേരത്തേ തീരുമാനിക്കുന്ന ബന്ധുക്കള്‍ക്കും സുഹൃത്തുക്കല്‍ക്കും എമര്‍ജന്‍സ് സന്ദേശം ലഭിക്കുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ഭയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാനിക്ക് ബട്ടന്‍ സംവിധാനം ഒരുക്കാനുള്ള പരിപാടി നടപ്പിലാക്കുന്നത്. ഇതിനായി 321.69 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. രാജ്യത്തുടനീളം ഇആര്‍എസ്എസ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനു വേണ്ടിയാണിത്.
Post Your Comments