തിരുവനന്തപുരം: ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസിലെ പ്രതി രവി പൂജാരി ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. നിയമസഭയ്ക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ പി.സി ജോര്‍ജ് തന്നെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. രവി പൂജാരി വിളിച്ച് കൊല്ലുമെന്നാണ് ഭീഷണി പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ പൂജാരിയോടൊപ്പം ഒരു മലയാളിയുമുണ്ടെന്നും ഒരു കോള്‍ മലയാളത്തിലായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തെ കുറിച്ച് ജോര്‍ജ് പറയുന്നതിങ്ങനെ:
ജനുവരി 11, 12 തീയതികളിലാണ് തനിയ്ക്ക് രവി പൂജാരിയുടെ ഇന്റര്‍നെറ്റ് കോള്‍ കിട്ടിയത്.കൊല്ലുമെന്നായിരുന്നു ഭീഷണി. രണ്ട് മക്കളെയും കൊല്ലുമെന്ന് പറഞ്ഞു. ഫ്രാങ്കോ മുളയ്ക്കലിന്റെ കേസിലിടപെട്ട് ബിഷപ്പിനെ രക്ഷിച്ചതിലുള്ള ക്വട്ടേഷനാണിത്. അല്ലാതെ രവി പൂജാരിക്കെന്ത് ബിഷപ്പ്? എന്ന് പി.സി പറഞ്ഞു.
‘എന്തിനാണ് ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിച്ചതെന്നാണ് രവി പൂജാരി ചോദിച്ചത്. നീയെന്തിനാ അത് അന്വേഷിക്കുന്നതെന്ന് തിരിച്ചു ചോദിച്ചു. ഇംഗ്ലീഷിലും ഹിന്ദിയിലും മാറി മാറിയാണ് രവി പൂജാരി സംസാരിച്ചത്. അപ്പോഴറിയാവുന്ന ഇംഗ്ലീഷ് തെറി മുഴുവന്‍ തിരിച്ച് പറഞ്ഞിട്ടുണ്ട്. നോണ്‍ സെന്‍സെന്നും റാസ്‌കലെന്നും പറഞ്ഞിട്ടുണ്ടെന്നേ’ എന്നും പി.സി ജോര്‍ജ് വ്യക്തമാക്കി.
അതേസമയം രവി പൂജാരി വിളിച്ചത് സംബന്ധിച്ച് പോലീസിലും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. രണ്ട് മക്കള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തി. ഐടി സെല്‍ മൊബൈല്‍ കൊണ്ടുപോയി പരിശോധിച്ചു. ലീന മരിയ പോളിന്റെ കേസുമായി ബന്ധപ്പെട്ട് പരിശോധിച്ചപ്പോഴാണ് വിളിച്ചത് രവി പൂജാരി തന്നെയാണെന്ന് മനസ്സിലായതെന്നും ജോര്‍ജ് പറഞ്ഞു.
അതേസമയം തനിയ്ക്ക് ഒരു പൂജാരിയെയും പേടിയില്ല. ‘ഗുണ്ടകളെ ഗുണ്ടായിസം കൊണ്ട് നേരിടണം. വെട്ടാന്‍ വരുന്ന പോത്തിനോട് പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ആമേന്‍ എന്ന് പറഞ്ഞാല്‍ പോത്ത് വന്ന് വെട്ടിയേച്ച് പോകും.’ എന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
പൂജാരി എംഎല്‍എയെ ഭീഷണിപ്പെടുത്തിയതിനു തെളിവ് ലഭിച്ചു. ഇന്റലിജന്‍സ് ബ്യൂറോ ശേഖരിച്ച പൂജാരിയുടെ കോള്‍ രേഖകളില്‍ ജോര്‍ജിന്റെയും നമ്പരുണ്ട്.
Post Your Comments