നെടുങ്കണ്ടം: സഹകരണ ബാങ്കുകളില്‍ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് ജാമ്യം നില്‍ക്കാന്‍ കോടതിയില്‍ എത്തിയ ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയില്‍. ബുധനാഴ്ച നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
കൊല്ലം കീഴുനിലം പാറവിള റഹീം (29) ആണ് നെടുങ്കണ്ടം പോലീസിന്റെ പിടിയിലായത്. കേസിലെ പ്രതിയായ റഹീമിനെ നെടുങ്കണ്ടം പോലീസ് അന്വേഷിച്ചുവരുകയായിരുന്നു. പോലീസിനെ കബളിപ്പിച്ച് നെടുങ്കണ്ടം കോടതിയില്‍ നേരെത്തെ അറസ്റ്റിലായ പ്രതികള്‍ക്ക് ജാമ്യം നല്‍കാനാണ് മുഖ്യപ്രതി എത്തിയത്. പ്രതി എത്തുമെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നെടുങ്കണ്ടം പോലീസ് കോടതി പരിസരത്തുനിന്ന്; തന്ത്രപരമായി അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ജനുവരി 17-ന് മുണ്ടിയെരുമ, ബാലഗ്രാം എന്നിവിടങ്ങളിലെ സഹകരണബാങ്കുകളില്‍ മുക്കുപണ്ടം പണയംവെച്ച് 2.47 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നാല് പേര്‍ അറസ്റ്റിലായിരുന്നു. തൂക്കുപാലം ചേന്നന്‍കുളം സി.വി.സജു(44), പുഷ്പകണ്ടം മേലേടത്ത് ഇല്യാസ്(38), കൊല്ലം കടക്കല്‍ പാറവിളയില്‍ റെജീബ്(32), പാറയില്‍ ഷെമിം(28) എന്നിവരാണ് പിടിയിലായത്.
നാലംഗസംഘം വലിയതോവാള സര്‍വീസ് സഹകരണ ബാങ്കിന്റെ മുണ്ടിയെരുമ ശാഖയില്‍ ആറ് വളകള്‍ പണയംവെച്ച് 1.17 ലക്ഷം രൂപയും ബാലഗ്രാം സര്‍വീസ് സഹകരണബാങ്കില്‍നിന്ന് ആറ് വളകള്‍ പണയം വെച്ച് 1.30 ലക്ഷം രൂപയും തട്ടിയെടുത്തിരുന്നു. പ്രതികള്‍ ബാങ്കില്‍നിന്ന് തട്ടിയെടുത്ത പണം പിടിയിലായ റഹീമിന്; കൈമാറിയെന്നാണ് പിടിയിലായവര്‍ നല്‍കിയിരുന്ന മൊഴി.
Post Your Comments