KeralaLatest News

കേരളം രാജ്യത്തെ ആദ്യ ഡിജിറ്റല്‍ നിയമസഭയാകുന്നു

കേരള നിയമസഭ രാജ്യത്തെ ആദ്യ ഡിജിറ്റല്‍ നിയമസഭയാകുന്നു. അച്ചടി ചെലവ് കുറയ്ക്കാനായി നിയമസഭയെ പൂര്‍ണ്ണമായും ഡിജിറ്റലാക്കുന്ന ഇ-നിയമസഭാ പദ്ധതി ഒരു വര്‍ഷത്തിനകം നടപ്പാക്കുമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഇതിനുള്ള പദ്ധതി രേഖ( ഡിപിആര്‍) സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൂര്‍ണമായി ഡിജിറ്റല്‍ ആകുന്നത് വഴി പ്രതിവര്‍ഷം 30 കോടിയുടെ അച്ചടി ചെലവ് ഒഴിവാക്കാനാകും. ബജറ്റ് രേഖ, സമിതി റിപ്പോര്‍ട്ട്, മേശപുറത്ത് വെയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍, ചോദ്യോത്തരങ്ങള്‍ എന്നിങ്ങനെ നൂറുകണക്കിന് രേഖകളും റിപ്പോര്‍ട്ടുകളും അച്ചടിക്കുന്നതിനാണ് കൂടുതല്‍ ചെലവ് വരുന്നത്. ഇത് സംബന്ധിച്ച് കേന്ദ്രത്തിന് ആദ്യം സമര്‍പ്പിച്ച ഡിപിആറിനോട് അനുകൂല നിലപാടായിരുന്നെങ്കിലും പിന്നീട് കേന്ദ്രം പിന്മാറി. ഈ സാഹചര്യത്തിലാണ് പുതുക്കിയ ഡിപിആര്‍ സമര്‍പ്പിച്ചത്.

ഡിജിറ്റല്‍ സംവിധാനത്തില്‍ എംഎല്‍എമാര്‍ക്ക് പരിശീലനം നല്‍കുന്നതടക്കം ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. നിലവില്‍ ഓണ്‍ലൈനായി ചോദ്യങ്ങള്‍ സമര്‍പ്പിക്കാന്‍ സംവിധാനമുണ്ടെങ്കിലും ചുരുക്കം പേരാണ് ഇതുപയോഗിക്കുന്നത്. ഈ നില മാറണെന്നും സ്പീക്കര്‍ പറഞ്ഞു.

ചോദ്യോത്തര വേളയില്‍ ഷാഫി പറമ്പിലാണ് വിഷയം സഭയുടെ ശ്രദ്ധയില്‍ പെടുത്തിയത്. സഭാ നടപടികള്‍ക്കായി വളരെയധികം കടലാസുകളാണ് ഉപയോഗിക്കുന്നതെന്നും ടേബിളില്‍ എല്‍ഇഡി സ്‌ക്രീന്‍ ഉപയോഗിച്ചാല്‍ എത്ര മരങ്ങള്‍ സംരക്ഷിക്കാനാകുമെന്നുമായിരുന്നു അദ്ദേഹം ചോദിച്ചത്. ഡിജിറ്റല്‍വത്കരണം സര്‍ക്കാര്‍ ഓഫീസുകളില്‍ തുടങ്ങും മുമ്പ് നിയമസഭിയില്‍ നിന്ന് ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സഭയില്‍ എല്ലാ അംഗങ്ങളുടെയും മേശയില്‍ എല്‍ഇഡി സ്‌ക്രീനുകള്‍ സ്ഥാപിക്കുവാനാണ് ഉദ്യേശിക്കുന്നത്.  പ്രസംഗിക്കാന്‍ എഴുന്നേല്‍ക്കുമ്പോള്‍ സ്‌ക്രീനുകള്‍ തനിയെ ഉയരുന്ന സംവിധാനവും ആലോചനയിലുണ്ട്. ഇതിന്റെ പ്രാരംഭ നടപടി ആരംഭിച്ചു. നിയമസഭയില്‍ പുതിയ ഡേറ്റ സെന്ററിനും പദ്ധതിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button