Latest NewsIndia

ദൂരദര്‍ശനും ആകാശവാണിക്കും 1054 കോടിയുടെ പദ്ധതി

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ദൂരദര്‍ശനും ആകാശവാണിയും മെച്ചപ്പെടുത്താനും വാര്‍ത്താ വിതരണവും ടിവി പരിപാടികളും മെച്ചപ്പെടുത്താനും നരേന്ദ്ര മോദി സര്‍ക്കാരിന്റെ ബൃഹദ് പദ്ധതി.

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ദൂരദര്‍ശനും ആകാശവാണിയും മെച്ചപ്പെടുത്താനും വാര്‍ത്താ വിതരണവും ടിവി പരിപാടികളും മെച്ചപ്പെടുത്താനും നരേന്ദ്ര മോദി സര്‍ക്കാരിന്റെ ബൃഹദ് പദ്ധതി. ഇവയുടെ ഉടമകളായ പ്രസാര്‍ ഭാരതി കോര്‍പ്പറേഷന് 1054 കോടിയുടെ പ്രത്യേക പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

സ്റ്റുഡിയോകളില്‍ നിലവിലുള്ള ഉപകരണങ്ങള്‍ ആധുനികവല്‍ക്കരിക്കുക, കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, 19 സ്ഥലങ്ങളില്‍ ഡിജിറ്റല്‍ ഭൂതല ട്രാന്‍സ്മിറ്ററുകള്‍ വയ്ക്കുക, 39 സ്റ്റുഡിയോകളും ഡിജിറ്റൈസ് ചെയ്യുക, വാര്‍ത്താ ശേഖരണത്തിനുള്ള സൗകര്യങ്ങള്‍ ഡിജിറ്റൈസ് ചെയ്യുക, 15 കേന്ദ്രങ്ങളില്‍ ഒബി വാനുകള്‍ ഏര്‍പ്പെടുത്തുക, 12 കേന്ദ്രങ്ങളിലെ ഭൂതല സംപ്രേഷണ കേന്ദ്രങ്ങള്‍ നവീകരിക്കുക തുടങ്ങിയവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലും ജമ്മുകശ്മീരിലെ അതിര്‍ത്തിയിലും 10 കിലോ വാട്ടിന്റെ എഫ്‌എം ട്രാന്‍സ്മിറ്ററുകള്‍ സ്ഥാപിക്കും. ഇത് അതിര്‍ത്തി മേഖലകളിലെ ദൂരദര്‍ശന്‍ ആകാശവാണി സാന്നിധ്യം ശക്തമാക്കും. സംപ്രേഷണ, പ്രക്ഷേപണ സൗകര്യങ്ങള്‍ വികസിപ്പിക്കുക, വാര്‍ത്താ വിതരണ ശൃഖല വിപുലമാക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് 2020 വരെയുള്ള കാലത്തായി 1054.52 കോടിയാകും കേന്ദ്രം നല്‍കുക. ഇതില്‍ ആകാശവാണിയുടെ പദ്ധതികള്‍ക്ക് 435.04 കോടിയും ദൂരദര്‍ശന്റെ പദ്ധതികള്‍ക്ക് 619.48 കോടിയുമാണ് അനുവദിച്ചത്.

അരുണാചലിലെ ഇറ്റാനഗറില്‍ ദൂരദര്‍ശന്റെ അരുണ്‍പ്രഭ ചാനല്‍ തുടങ്ങാനും അനുമതി നല്‍കി. വനവാസി ഗ്രാമങ്ങളിലും വിദൂര സ്ഥലങ്ങളിലും ഇടത് ഭീകരത ശക്തമായ സ്ഥലങ്ങളിലും ദൂരദര്‍ശന്റെ സാന്നിധ്യം മെച്ചപ്പെടുത്താന്‍ ഈ മേഖലകളില്‍ ഒന്നര ലക്ഷം ഡിടിഎച്ച്‌ സെറ്റുകള്‍ വിതരണം ചെയ്യാനും കേന്ദ്രമന്ത്രിസഭയുടെ സാമ്ബത്തിക കാര്യ സമിതി അനുമതി നല്‍കി.

ആകാശവാണിയുടെ 206 സ്ഥലങ്ങളിലെ എഫ്‌എം സ്‌റ്റേഷനുകള്‍ വികസിപ്പിക്കും. 127 സ്റ്റുഡിയോകള്‍ ഡിജിറ്റലൈസ് ചെയ്യും.

shortlink

Post Your Comments


Back to top button