Latest NewsKerala

ക്യാൻസറിന് അതിവിദഗ്ദ പരിശോധനയും ചികിത്സയും ഉറപ്പുവരുത്തുമെന്ന് മന്ത്രി കെ.കെ ശൈലജ

തിരുവനന്തപുരം: ക്യാന്‍സര്‍ രോഗ നിര്‍ണയ ചികിത്സ ആധുനികവത്ക്കരിക്കുന്നതിനും രോഗികള്‍ക്ക് ഏറ്റവും ഉത്തമമായ ചികിത്സ ലഭിക്കുന്നതിനും വേണ്ടി ആര്‍.സി.സി.യില്‍ മള്‍ട്ടി ഡിസിപ്ലിനറി ട്യൂമര്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ടെന്നും സംസ്ഥാന തലത്തിലുള്ള ഡേറ്റാ ബേസിനായി സമ്പൂര്‍ണ ക്യാന്‍സര്‍ രജിസ്ട്രി തയ്യാറാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായും ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. എം.എല്‍.എ.മാരായ എ.എന്‍. ഷംസീര്‍, പാറയ്ക്കല്‍ അബ്ദുള്ള എന്നിവര്‍ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

കേരളത്തില്‍ നിലവില്‍ രണ്ട് റീജിയണല്‍ ക്യാന്‍സര്‍ സെന്ററുകളാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരത്ത് ആര്‍.സി.സി.യും മലബാറില്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററും. കേരളത്തിന് മധ്യഭാഗത്ത് കൊച്ചിന്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ എന്ന പേരില്‍ മൂന്നാമത്തെ റീജിയണല്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചിട്ടുണ്ട്. ഈ 3 ക്യാന്‍സര്‍ സെന്ററുകളുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ സമ്പൂര്‍ണ ക്യാന്‍സര്‍ രജിസ്ട്രി തയ്യാറാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഓറല്‍ ക്യാന്‍സര്‍, ബ്രെസ്റ്റ് ക്യാന്‍സര്‍, സര്‍വിക്കല്‍ ക്യാന്‍സര്‍ തുടങ്ങിയവ നേരത്തെ കണ്ടുപിടിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു.

ആര്‍.സി.സി., എം.സി.സി എന്നിവിടങ്ങളില്‍ ട്യൂമര്‍ ബോര്‍ഡുകള്‍ നേരത്തെ നിലവിലുണ്ടായിരുന്നു. ആര്‍സിസിയില്‍ മള്‍ട്ടി ഡിസിപ്ലിനറി ട്യൂമര്‍ (എ.ഡി.ടി) ബോര്‍ഡ് ഇപ്പോള്‍ രൂപീകരിച്ചിട്ടുണ്ട്. മെഡിക്കല്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, റേഡിയേഷന്‍ ഓങ്കോളജി, ഓങ്കോ പത്തോളജി എന്നീ വിവിധ വിഭാഗങ്ങളിലെ പ്രമുഖര്‍ അടങ്ങിയതാണ് ബോര്‍ഡ്. പിഴവില്ലാതെ രോഗം കണ്ടെത്തുന്നതിനും കൃത്യമായ ചികിത്സ നടത്തുന്നതിനും ഇത് സഹായകരമാകുന്നു. ആവശ്യമുള്ള കേസുകളില്‍ വിദേശത്ത് അടക്കമുള്ള വിദഗ്ധരുമായി ആശയവിനിമയം നടത്തുന്നതിനും സാധിക്കുന്നു.

ആരോഗ്യരംഗത്ത് വര്‍ത്തമാനകാല കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയില്‍ ഒന്നാണ് ക്യാന്‍സറെന്ന് മന്ത്രി പറഞ്ഞു. പ്രതിവര്‍ഷം 50,000 ത്തിലേറെ പേര്‍ ക്യാന്‍സര്‍ രോഗത്തിന് വിധേയരാകുന്നു എന്നാണ് കണക്ക്. ക്യാന്‍സര്‍ബാധ തുടക്കത്തില്‍ തന്നെ കണ്ടുപിടിക്കുന്നതിനും വിദഗ്ധ ചികിത്സ നല്‍കി രോഗം ഭേദപ്പെടുത്തുന്നതിനും രോഗികളെ പുനരധിവസിപ്പിക്കുന്നതിനും ഉള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിനായി വിദഗ്ധ ഡോക്ടര്‍മാരും സാങ്കേതിക വിദഗ്ധരും എല്ലാം ഉള്‍പ്പെടുന്ന കൂട്ടായ സംരംഭങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. ഡബ്ലിയു.എച്ച്.ഒ.യുടെ സഹായത്തോടുകൂടി കേരളത്തില്‍ ഒരു ക്യാന്‍സര്‍ പോളിസി രൂപീകരിച്ചിട്ടുണ്ട്. ക്യാന്‍സര്‍ സ്ട്രാറ്റജി ആക്ഷന്‍പ്ലാന്‍ 2017-2030 എന്ന പേരില്‍ ഈ മാര്‍ഗരേഖ പുറത്തിറങ്ങിക്കഴിഞ്ഞു. സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ വിദഗ്ധരും ഡബ്ലിയു.എച്ച്.ഒ. പ്രതിനിധികളും ചേര്‍ന്ന് നടത്തിയ ചര്‍ച്ചകളുടെ ഭാഗമായാണ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാനിനു രൂപം കൊടുത്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും പ്രത്യേകം കമ്മിറ്റികള്‍ക്ക് രൂപംകൊടുക്കും. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ ചികിത്സാ സംവിധാനങ്ങളെ ചേര്‍ത്ത് ക്യാന്‍സര്‍ കെയര്‍ ഗ്രിഡുകള്‍ രൂപീകരിക്കും. ഇ-ഹെല്‍ത്തുമായി ബന്ധപ്പെടുത്തി വിപുലമായ നെറ്റ് വര്‍ക്ക് സംവിധാനത്തിലൂടെ ചികിത്സാ പ്രോട്ടോക്കോളുകളും മരുന്നുകളും ചികിത്സാ സംവിധാനങ്ങളും സംബന്ധിച്ച വിശദ വിവരങ്ങള്‍ പരസ്പരം കൈമാറാനും കൃത്യസമയത്ത് ശരിയായ ചികിത്സ നിര്‍ദ്ദേശിക്കാനും ഇതുവഴി കഴിയും.

ക്യാന്‍സര്‍ ചികിത്സ കൂടുതല്‍ ഫലപ്രദമാക്കുന്നതിന് മെഡിക്കല്‍ കോളജുകളിലെ ക്യാന്‍സര്‍ വിഭാഗം കൂടുതല്‍ ശക്തമാക്കാന്‍ തുടക്കംകുറിച്ചിട്ടുണ്ട്. 105 പുതിയ തസ്തികകളാണ് ക്യാന്‍സര്‍ വിഭാഗത്തില്‍ മെഡിക്കല്‍ കോളേജുകളിലായി സൃഷ്ടിച്ചിട്ടുള്ളത്. ആദ്യമായാണ് സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മെഡിക്കല്‍ കോളേജുകളില്‍ ആരംഭിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തൃതീയ ക്യാന്‍സര്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. മറ്റ് മെഡിക്കല്‍ കോളേജുകളിലും ക്യാന്‍സര്‍ ട്യൂമര്‍ ബോര്‍ഡുകള്‍ അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു.

എല്ലാ ജില്ലാ ആശുപത്രികളിലും കീമോതെറാപ്പിക്കും പാലിയേറ്റീവ് കെയറിനും ഉള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ടിരിക്കുകയാണ്. ക്യാന്‍സര്‍ സ്ട്രാറ്റജിയുടെ ഭാഗമായി സംസ്ഥാനത്തെ ആശുപത്രികളില്‍ ക്യാന്‍സര്‍ ചികിത്സ വിവിധതലങ്ങളില്‍ തരം തിരിക്കുന്നതിനും ഭൗതികസാഹചര്യങ്ങളും ചികിത്സാരീതിയും മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നു. രോഗിയുടെ ആരോഗ്യനില പൂര്‍വ ചികിത്സ ചരിത്രവും ചികിത്സ എടുക്കാനുദ്ദേശിക്കുന്ന ആശുപത്രിയുടെ സൗകര്യങ്ങളെല്ലാം കണക്കിലെടുത്താണ് ചികിത്സ തീരുമാനിക്കുക.തുടക്കത്തില്‍ തന്നെ കണ്ടുപിടിച്ച് കൃത്യമായ ചികിത്സ നല്‍കി ക്യാന്‍സറിനെ പരാജയപ്പെടുത്തുക എന്ന തീരുമാനത്തിലൂടെ ‘ക്യാന്‍സറിനെതിരെ പോരാടുക’ എന്ന ആഹ്വാനമാണ് പൊതു ജനങ്ങള്‍ക്ക് നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button