വെള്ളറട: കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ സ്ത്രീകളുടെ വിശ്രമ മുറി സുരക്ഷാ ജീവനക്കാർ കയ്യേറിയാതായി പരാതി. 2007–08 സാമ്പത്തികവർഷത്തിൽ എംപി ഫണ്ടുപയോഗിച്ച് നിർമിച്ച വിശ്രമ മന്ദിരത്തിലെ സ്ത്രീകളുടെ മുറിയാണ് കയ്യേറിയിരിക്കുന്നത്. ഇതോടെ വിശ്രമിക്കാൻ ഇടമില്ലാതെ പകൽസമയങ്ങളിൽ സ്ത്രീകൾ വെയിലത്ത് നിൽക്കുകയാണ്. കൂടാതെ ഇവിടെയുള്ള ഒന്നാം നിലയിൽ മുറികൾ ഉപയോഗിക്കാതെ പൂട്ടിയിട്ടിരിക്കുന്നതായും കണ്ടെത്തി.
ആദ്യം നിർമിച്ച വിശ്രമമുറികളിലൊന്ന് സ്റ്റോർ മുറിയാക്കി. ശേഷിച്ചതിൽ ജീവനക്കാരുടെ ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുകയാണ്. എടിഒ ഓഫിസിനു മുന്നിലായി ഷീറ്റുകൊണ്ട് മേൽക്കൂര ചെയ്ത ഒരു ഷെഡ് ഉണ്ടെങ്കിലും ഇവിടെ നിന്നാൽ വെയിലും കൊള്ളും, മഴയും നനയും. ദിവസേന അയ്യായിരത്തോളം യാത്രികർ ഇവിടെ വന്നുപോകുന്നുണ്ട്. അതിൽ സ്ത്രീകളാണ് ഏറെയും.
വൈകിട്ടായാൽ വിദ്യാർഥിനികളും എത്തും. വൈകിയാണ് പലഭാഗത്തേയ്ക്കും ബസുള്ളത്. ഏറെ നേരം സ്ത്രീകൾക്ക് നിൽക്കേണ്ടിവരുന്നു.സുരക്ഷാ ജീവനക്കാർക്ക് മുകൾ നിലയിൽ മുറി തരപ്പെടുത്തി കൊടുത്ത് വിശ്രമമുറി തിരികെ നൽകണമെന്നാണ് സ്ത്രീകളുടെ ആവശ്യം.
Post Your Comments