KeralaLatest NewsNews

സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള വ്യക്തിഹത്യ; ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതുമാണ്

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങള്‍ ഇപ്പോള്‍ കുപ്രചാരണങ്ങള്‍ക്കും വ്യക്തിഹത്യകള്‍ക്കും മാത്രമുള്ള ഒരു വേദിയായി മാറിക്കൊണ്ടിരിക്കുകയാണോ എന്ന് സംശയിക്കേണ്ടിരിക്കുന്നു. ഇതുവഴി നിരവധി വ്യക്തികള്‍ ദിനംപ്രതി മറ്റുള്ളവരുടെ വാഗ്വാദങ്ങള്‍ക്ക് ഇരയാവാറുണ്ട്. ഇതില്‍ പ്രമുഖരും സാധാരണക്കാരുമടക്കം നിരവധി പേര്‍ ഉള്‍പ്പെടുന്നു. സ്വന്തം അഭിപ്രായങ്ങള്‍ പോലും രേഖപ്പെടുത്താന്‍ കഴിയാത്ത ഒരു വേദിയായി സോഷ്യല്‍ മീഡിയ മാറിക്കൊണ്ടിരിക്കുന്നു. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ സ്വന്തം അഭിപ്രായങ്ങള്‍ പങ്കുവെച്ച് പൊങ്കാല നേരിട്ട വിജയ് സേതുപതിയും ശബരിമലയില്‍ കയറാന്‍ ശ്രമിച്ചു എന്നതിന്റെ പേരില്‍ രഹ്നഫാത്തിമയുമടക്കം നിരവധി പേര്‍ ഇതിന് ഉദാഹരണമാണ്. ഇതിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ഒന്നിനും കാര്യമായ നടപടി ഉണ്ടായിരുന്നില്ല. പക്ഷേ ഇനി സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പു നല്‍കിക്കഴിഞ്ഞു. വ്യക്തിഹത്യക്കെതിരെ നിയമനിര്‍മാണം വേണമെന്ന് സര്‍വ്വകക്ഷി യോഗത്തിലെ ആവശ്യം സര്‍ക്കാര്‍ സജീവമായി പരിഗണിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടി മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ നല്‍കിയ സബ്മിഷന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇന്റലിജന്‍സും സൈബര്‍ സെല്ലും സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്നവരെ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹ മാധ്യമങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ വളര്‍ച്ചയില്‍ പ്രമുഖ പങ്ക് വഹിക്കുന്നുണ്ട്. ഇതിന് ഒട്ടേറെ ഗുണകരമായ വശങ്ങളുമുണ്ട്. അന്നാല്‍ ഒട്ടേറെ ഗുണകരമായ വശങ്ങള്‍ ഉള്ളപ്പോഴും അവയുടെ ദുരുപയോഗം ഗുരുതരമായ സാമൂഹ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. എതിര്‍ശബ്ദങ്ങളെ സംസ്‌കാരശൂന്യമായി കടന്നാക്രമിക്കുകയും വ്യാജ ഐ.ഡികള്‍ വഴി അപകീര്‍ത്തികരമായ പ്രചരണം നടത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ കുറവല്ല. സ്ത്രീകളെയും കുട്ടികളെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും സിനിമാരംഗത്തുള്ളവരെയും രാഷ്ട്രീയ-സാമൂഹ്യമണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തികളെയും പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ വ്യക്തിഹത്യ നടത്തുന്ന പ്രവണത ശക്തിപ്പെട്ടുവരികയാണ്. നിലവിലുള്ള നിയമങ്ങളില്‍ പോരായ്മകള്‍ ഉണ്ട് എന്ന അഭിപ്രായം പൊതുവില്‍ ശക്തമാണ്. ഇക്കാര്യത്തില്‍ നിയമനിര്‍മ്മാണം നടത്തണമെന്ന പൊതുവായ അഭിപ്രായം സര്‍വ്വകക്ഷി യോഗത്തില്‍ തന്നെ മുമ്പ് ഉണ്ടായിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരം കേസുകളില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നിയമവ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന സൈബര്‍ കേസുകള്‍ എടുക്കുന്നതിനും തെളിയിക്കുന്നതിനും കുറ്റക്കാരെ തിരിച്ചറിയുന്നതിനും സേവനദാതാക്കളുടെ സഹകരണം ആവശ്യമാണ്. വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് രാജ്യാന്തര നിയമാധികാരപരിധി നിമിത്തം പല തരത്തിലുള്ള പ്രയാസങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടിവരുന്നുണ്ട്. പലപ്പോഴും പ്രചാരത്തിലുള്ള ഇത്തരം വ്യാജ അക്കൗണ്ടുകളുടെ ഉറവിടം വിദേശരാജ്യങ്ങളുമാകാറുണ്ട്. ചില കൂട്ടായ്മകളുടെ വിവരങ്ങള്‍ കൈമാറുവാന്‍ ചില സേവനദാതാക്കള്‍ തയ്യാറാകാറില്ല. അതോടൊപ്പം, സേവനദാതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ വ്യാജ നമ്പരുകളും വിദേശ ഫോണ്‍ നമ്പരുകളും ഉപയോഗിച്ച് അക്കൗണ്ടുകള്‍ തുടങ്ങുന്നതിനുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഇന്ന് ലഭ്യമാണ്. ഇന്ത്യയില്‍ സേവനം നല്‍കുന്ന എല്ലാ സമൂഹ മാധ്യമ സേവന ദാതാക്കളും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ സാങ്കേതിക തടസ്സം പറയാതെ ആവശ്യമായ വിവരങ്ങള്‍ പങ്കു വയ്ക്കുന്നതിന് തയ്യാറാകുന്നവിധം നിയമനിര്‍മ്മാണം ആവശ്യമായി വന്നേക്കാം. നിലവില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍, ഇന്റര്‍നെറ്റിന്റെ സുരക്ഷിതമായ ഉപയോഗം, സൈബര്‍ലോകത്തെ ചതിക്കുഴികള്‍ എന്നിവ സംബന്ധിച്ച് റസിഡന്‍സ് അസോസിയേഷനുകള്‍, ക്ലബ്ബുകള്‍, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്, നാഷണല്‍ സര്‍വ്വീസ് സ്‌കീം, കോളേജുകള്‍, സ്‌കൂളുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തിവരുന്നു.

ഇത്തരം വ്യാജപ്രചരണങ്ങള്‍ക്കും മറ്റുമെതിരെ പരാതി ലഭിച്ചാല്‍ ഇപ്പോള്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിലെയും വകുപ്പുകള്‍ ചേര്‍ത്ത് നടപടി സ്വീകരിച്ചുവരുന്നുണ്ട്. 2016 മുതല്‍ നാളിതുവരെ ഇതുമായി ബന്ധപ്പെട്ട് 502 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചിട്ടുമുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുംവിധം ബോധപൂര്‍വ്വമുള്ള ഏതൊരുതരം പ്രവര്‍ത്തനങ്ങളെയും വ്യാജപ്രചരണങ്ങളെയും പോലീസ് രഹസ്യാന്വേഷണവിഭാഗം, സൈബര്‍ സെല്‍ തുടങ്ങിയ സംവിധാനങ്ങള്‍ മുഖേന നിരീക്ഷണം നടത്തിവരുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തടയുന്നതിനുള്ള ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതുമാണെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button