KeralaLatest NewsIndia

ചാലക്കുടിയെ വിറപ്പിച്ച മാലക്കള്ളന്‍ പിടിയില്‍ : വരുമാനം 12 ലക്ഷം

സ്ഥിരമായി പത്രം ഇടുന്നത് ഇടംകൈ കൊണ്ടാണ്. ഇടം കൈയ്ക്കു നല്ല കരുത്തുണ്ട്. വഴിയാത്രക്കാരികളുടെ മാല പൊട്ടിച്ചതെല്ലാം ഇടം കൈ കൊണ്ടായിരുന്നു.

തൃശൂര്‍∙ ചാലക്കുടിയുടെ ഉള്‍പ്രദേശങ്ങളില്‍ കൂടി പോലും സ്ത്രീകൾക്ക് വഴിനടക്കാന്‍ ഭയമായിരുന്നു; കഴിഞ്ഞ മൂന്നര മാസത്തിനുള്ളിൽ ഇരുപതിടത്താണ് മാല പൊട്ടിച്ചത്. ഒറ്റക്ക് നടന്നു പോകുന്ന സ്ത്രീകളായിരുന്നു ഇരകൾ. ഹെൽമെറ്റ് ധാരിയായ ബൈക്ക് യാത്രക്കാരനാണ് മാല പൊട്ടിക്കുന്നതെന്നായിരുന്നു മാല നഷ്ടപ്പെട്ടവരുടെയെല്ലാം മൊഴി. മാല പൊട്ടിച്ച ബൈക്കുകാരന്‍ പോയ വഴികളിലെ സിസിടിവി ക്യാമറകള്‍ പൊലീസ് പരതി. ബൈക്ക് കടന്നു പോകുന്ന ഒന്നോ രണ്ടോ ദൃശ്യങ്ങള്‍ കിട്ടി. പക്ഷേ, നമ്പര്‍ വ്യക്തമല്ല. എക്സ്ട്രാ ഫിറ്റിങ്സുകള്‍ ബൈക്കില്‍ ഉണ്ടെന്നു മാത്രമായിരുന്നു സൂചന.

മാല പൊട്ടിക്കല്‍ കേസുകളില്‍ അറസ്റ്റിലായ മുന്‍ കുറ്റവാളികളെ അന്വേഷിച്ചു.അവരൊന്നും സംഭവ സമയത്ത് ചാലക്കുടി മേഖലയില്‍ ഇല്ല. ദൃശ്യങ്ങളില്‍ കണ്ട അതേ ബ്രാന്‍ഡ് ബൈക്കുകളുടെ നമ്പറുകള്‍ ശേഖരിച്ചു. അന്‍പതോളം ബൈക്കുകള്‍. ഇതില്‍ നിന്നു സംശയമുള്ള എട്ടു ബൈക്കുകള്‍ പൊലീസ് പ്രത്യേകം നിരീക്ഷിച്ചെങ്കിലും മാലപൊട്ടിക്കൽ തുടർന്നുകൊണ്ടേയിരുന്നു. പ്രതിയെ കണ്ടെത്താനുമായില്ല. മൊബൈല്‍ ടവറിനു കീഴിലെ ലക്ഷണക്കണക്കിനു ഫോണ്‍ കോളുകള്‍ നീരിക്ഷിക്കുകയായിരുന്നു പോലീസ് ചെയ്തത്.മാല പൊട്ടിച്ച സ്ഥലത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷനുകള്‍ നിരീക്ഷിച്ചു.

സംഭവ സമയത്തും അതിനു ശേഷവും സജീവമായ യുവാക്കളുടെ ഫോണുകള്‍ പ്രത്യേകം തിരഞ്ഞെടുത്തു. ഈ യുവാക്കള്‍ വിളിച്ച ഫോണ്‍ കോളുകള്‍ പരിശോധിച്ചു. അതിൽ കുറ്റിച്ചിറ സ്വദേശി അമല്‍ നിരവധി തവണ പലഭാഗത്തുള്ള സ്വര്‍ണ പണയ സ്ഥാപനങ്ങളിലേക്കു വിളിച്ചതായി കണ്ടെതിയതാണ് വഴിത്തിരിവായത്.അമലിന്റെ ഫൊട്ടോയുമായി പൊലീസ് സംഘം പണ്ടം പണയ സ്ഥാപനത്തില്‍ എത്തി. ഈ യുവാവ് ആറ് മാലകൾ ഇവിടെ പണയപ്പെടുത്തിയിട്ടുള്ളതായി സ്ഥാപനം സ്ഥിരീകരിച്ചു. എന്നാൽ അമലിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോൾ കുറ്റങ്ങളെല്ലാം ഇയാൾ നിഷേധിക്കുകയാണ് ചെയ്തത്.

മാലകള്‍ എവിടെ നിന്നു കിട്ടിയെന്ന ചോദ്യത്തിനു കൃത്യമായ ഉത്തരം ലഭിച്ചില്ല. അച്ഛന്‍ ഓട്ടോറിക്ഷ ഡ്രൈവർ, സഹോദരന്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍. സാധാരണ കുടുംബം. പത്ര വിതരണത്തില്‍ നിന്നു കിട്ടുന്ന വരുമാനം അനുസരിച്ചുള്ള ജീവിതമായിരുന്നില്ല അമലിന്റേത്. വരുമാനത്തിന്റെ കണക്കുകള്‍ പൊലീസ് നിരത്തിയതോടെ അമലിനു പിടിച്ചു നിൽക്കാനായില്ല. പിന്നീട് പുറത്തു വന്നത് പോലീസിനെ പോലും അമ്പരപ്പിക്കുന്ന വെളിപ്പെടുത്തൽ. സ്ഥിരമായി പത്രം ഇടുന്നത് ഇടംകൈ കൊണ്ടാണ്. ഇടം കൈയ്ക്കു നല്ല കരുത്തുണ്ട്. വഴിയാത്രക്കാരികളുടെ മാല പൊട്ടിച്ചതെല്ലാം ഇടം കൈ കൊണ്ടായിരുന്നു.

മാല വിറ്റും പണയംവച്ചും സ്വരൂപിച്ച പണം ധൂര്‍ത്തടിച്ചത് കേരളത്തിന് പുറത്തെ സുഖവാസ കേന്ദ്രങ്ങളില്‍. വീടിനടുത്തുള്ള സുഹൃത്തുക്കളേയും ഒപ്പം വിളിച്ചായിരുന്നു പോക്ക്.പ്ലസ്ടുവാണ് വിദ്യാഭ്യാസം. അയല്‍പക്കത്തെ വീടുകളില്‍ സ്ഥിരമായി സിഎഫ്എല്‍ ബള്‍ബുകള്‍ മോഷണം പോകുമായിരുന്നു. അതിലെ പ്രതി അമലാണെന്നു അയൽക്കാർ പരാതി പറയുമായിരുന്നു. ബള്‍ബ് മാറ്റി മാല പിടിച്ചുപറി തുടങ്ങിയതോടെ വരുമാനം ഉയര്‍ന്നു. മൂന്നര മാസത്തിനിടെ അമലിന്റെ വരുമാനം പന്ത്രണ്ടു ലക്ഷം രൂപ. പണയപ്പെടുത്തിയ പതിനാലു മാലകള്‍ പൊലീസ് കണ്ടെടുത്തു. മനോരമയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button