കരുനാഗപ്പള്ളി: പാവുമ്പ ക്ഷേത്ര ഉത്സവ പറമ്പിനു സമീപം ചവറ ടൈറ്റാനിയം ജംഗ്ഷന് കണിച്ചുകുളങ്ങര വീട്ടില്‍ ഉദയന്റെ മകന് അഖില്‍ജിത്ത് (25) കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി 10 മണിയോടെ വൃക്കരോഗിയായ മാതാവിന്റെ അസുഖം ഭേദമാകാന്‍ പാവുമ്പയിലും ആനയടിയിലും പറ വഴിപാട് നടത്താന്‍ സുഹൃത്തിനൊപ്പം എത്തിയ അഖില്‍ജിത്ത് അക്രമിസംഘത്തിന് മുന്നില്‍ അകപ്പെടുകയായിരുന്നു.
കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റ് നിലത്തുവീണ യുവാവിനെ യഥാസമയം ആശുപത്രിയിലെത്തിക്കാനും കഴിഞ്ഞില്ല. ഒരു മണിക്കൂറോളം ചോരവാര്‍ന്ന് സംഭവ സ്ഥലത്ത് കിടന്ന അഖില്‍ജിത്തിനെ അക്രമികള്‍ പോയശേഷം രണ്ട് സുഹൃത്തുക്കളാണ് ബൈക്കിന്റെ പിന്‍സീറ്റിലിരുത്തി കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ എത്തിച്ചത്. ആരോഗ്യനില മോശമായതിനാല്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അധികം വൈകാതെ മരിച്ചു. കൈകാലുകളും അടിച്ചൊടിച്ച നിലയിലായിരുന്നു.
15 ബൈക്കുകളിലായി എത്തിയ 25 അംഗ സംഘമാണ് പാവുമ്പ തെക്ക് പാലമൂട് ജംഗ്ഷനിലും പരിസരത്തും കേന്ദ്രീകരിച്ച ശേഷം രാത്രി എട്ടോടെ മുഖം മറച്ച് ആക്രമണം അഴിച്ചുവിട്ടത്. ശനിയാഴ്ച ഉത്സവസ്ഥലത്ത് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഞായറാഴ്ച നടന്ന അക്രമസംഭവങ്ങള്‍. ബഹളത്തിനിടെ അഖില്‍ജിത്തും ബന്ധുവായ യുവാവും അക്രമികളുടെ മുന്നില്‍ അകപ്പെട്ടുവെങ്കിലും ബന്ധുവായ യുവാവ് ഓടി രക്ഷപ്പെട്ടു.
ശ്രീജയാണ് അഖില്‍ജിത്തിന്റെ മാതാവ്. സഹോദരി അഖില. കരുനാഗപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും പ്രതികള്‍ ഒളിവില്‍ പോയതായാണ് വിവരം.
സംഘര്‍ഷ സാദ്ധ്യത അറിഞ്ഞിട്ടും പോലീസ് സുരക്ഷ ഒരുക്കിയില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്.
Post Your Comments