മലപ്പുറം: ഭര്‍തൃ വീട്ടില്‍ പ്രവേശിക്കുവാനുള്ള കോടതി ഉത്തരവിനെ തുടര്‍ന്ന് കനക ദുര്‍ഗ്ഗ അങ്ങാടിപ്പുറത്തെ ഭര്‍തൃ വീട്ടിലെത്തി.കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും കുട്ടികള്‍ ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.അതേസമയം കനകദുര്‍ഗ്ഗയോടൊപ്പം താമസിക്കില്ലെന്നാണ് ഭര്‍ത്താവിന്റെയും ഭര്‍തൃ മാതാവിന്റെയും നിലപാട്. അതിനാല്‍ അവര്‍ മറ്റൊരു വീട്ടിലേക്ക് താത്കാലികമായി മാറിയിട്ടുണ്ട്. വീട്ടുകാര്‍ വീടുവിട്ടു പോയതില്‍ ബുദ്ധിമുട്ടുണ്ടോ എന്നമാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കാലം എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നവര്‍ പ്രതീക്ഷ പങ്കുവെച്ചു.
‘അവര്‍ക്ക് എന്റെ ഒപ്പം താമസിക്കാന്‍ താത്പര്യമില്ലാത്തു കൊണ്ടാണല്ലോ മറ്റ് വീടുകളിലേക്ക് പോയത്.അതിലെനിക്ക് ബുദ്ധിമുട്ടൊന്നുമില്ല. അവരുടെ കൂടെ ജീവിക്കാന്‍ ഞാന്‍ തയ്യാറാണ് . എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും’,കനക ദുര്‍ഗ പറഞ്ഞു.കനക ദുര്‍ഗയെ ആരും തടയരുതെന്നും ഭര്‍ത്താവിന്‍റെ പേരിലുള്ള വീട് തല്‍ക്കാലം വില്‍ക്കരുതെന്നും പുലാമന്തോള്‍ ഗ്രാമന്യായാലയം വിധി പറഞ്ഞു. ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന് ഭര്‍തൃവീട്ടുകാര്‍ നിലപാട് എടുത്തതിന് പിന്നാലെയാണ് കനകദുര്‍ഗ പുലാമന്തോള്‍ ഗ്രാമ ന്യായാലയത്തെ സമീപിച്ചത്.
ശബരിമലയില്‍ പോയി തിരിച്ചെത്തിയ കനകദുര്‍ഗയെ പിന്നീട് വീട്ടില്‍ കയറാന്‍ ഭര്‍തൃവീട്ടുകാര്‍ അനുവദിച്ചിരുന്നില്ല. വീട്ടിലേക്ക് കയറാന്‍ ശ്രമിച്ച കനകദുര്‍ഗയെ ഭര്‍തൃമാതാവ് മര്‍ദ്ദിച്ചെന്ന് അവര്‍ പരാതി നല്‍കിയിരുന്നു. പരിക്കേറ്റ കനകദുര്‍ഗ ആശുപത്രിയിലായിരുന്നു. അതേസമയം, കനകദുര്‍ഗ തിരികെ മര്‍ദ്ദിച്ചെന്നാരോപിച്ച് ഭര്‍തൃമാതാവും ചികിത്സ തേടിയിരുന്നു. കൂടാതെ തനിക്കും ഭര്‍ത്താവിനും കൗണ്‍സിലിംഗ് വേണമെന്ന് കനകദുര്‍ഗ കോടതിയില്‍ ആവശ്യപ്പെട്ടു. ചില കാര്യങ്ങള്‍ തനിക്കു പറയാനുണ്ടെന്നും കോടതി വിധി വന്നതിനു ശേഷം പത്ര സമ്മേളനം നടത്തുമെന്നും കനക ദുര്‍ഗ പറഞ്ഞിരുന്നു.
Post Your Comments